തിരുവനന്തപുരം : യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർഥിളുമായി തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മറ്റു സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള ശക്തമായ ഇടപെടൽ കേരളം നടത്തുന്നുണ്ട്. ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകാൻ സമ്മർദ്ദം തുടരും. വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‌നങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുക്രൈൻ യുദ്ധം തുടങ്ങിയ വേളയിൽ മുൻപ് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് നോർക്ക നേരിട്ടതെന്ന് പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പഠനത്തിനായി പോയ വിദ്യാർഥികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും പരമാവധി വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള ചുമതലയും നിർവഹിച്ചു. ഇതിന്റെ തുടർച്ചയായാണ് യുക്രൈൻ വാർ സെന്റർ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ പത്തു കോടി രൂപ നീക്കിവച്ചത്. നോർക്കയിൽ യുക്രൈൻ ഗ്രിവൻസ് സെല്ലും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ALSO READ : Norka: നോര്‍ക്ക ജര്‍മന്‍ റിക്രൂട്ടുമെന്റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍ ഇന്റര്‍വ്യൂ മേയ് നാലിന്


വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് നോർക്ക സെക്രട്ടറി സുമൻ ബില്ല അറിയിച്ചു. സുരക്ഷ ഉറപ്പാക്കാതെ വിദ്യാർഥികളെ വീണ്ടും യുക്രൈനിലേക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത സെമസ്റ്ററിന്റെ ഫീസ് അടയ്ക്കാൻ ചില സർവകലാശാലകൾ ആവശ്യപ്പെടുന്ന വിഷയത്തിൽ വിദേശകാര്യ മന്ത്രായലത്തിന്റെ അഭിപ്രായം തേടുമെന്ന് സെക്രട്ടറി പറഞ്ഞു. ബാങ്ക് ലോൺ എടുത്ത് പഠനത്തിനായി പോയവർ പ്രതിസന്ധിയിലായ സാഹചര്യം ചീഫ് സെക്രട്ടറിയുടെ യോഗം ചർച്ച ചെയ്തതായി നോർക്ക സി. ഇ. ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മെഡിക്കൽ കൗൺസിലിന് കത്ത് അയച്ചിട്ടുണ്ടെന്ന് വകുപ്പിനെ പ്രതിനിധീകരിച്ച് സംവാദത്തിൽ പങ്കെടുത്ത ജോയിന്റ് ഡയറക്ടർ ഡോ. ബിൻസി അറിയിച്ചു.


യുക്രൈൻ മെഡിക്കൽ വിദ്യാർഥികളായ കാർത്തിക് മാധവ്, നീരജ്, അപർണ വേണുഗോപാൽ എന്നിവർ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തങ്ങളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്നത് പരിഗണിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അവതരണം നടത്തി. പഠനാവശ്യത്തിനായി എടുത്ത ലോൺ, നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ, യുക്രൈനിന്റെ സമീപ രാജ്യങ്ങളിലേക്ക് പഠനം മാറ്റുന്നതിലെ പ്രശ്‌നങ്ങൾ, അടുത്ത സെമസ്റ്റർ ഫീസ് സർവകലാശാലകൾ ആവശ്യപ്പെടുന്നത്, വെറ്ററിനറി, നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിസന്ധികൾ, ഒബ്‌സർവേറ്ററി പ്രാക്ടീസിനായി സർക്കാർ മെഡിക്കൽ കോളേജുകളിൽ അനുമതി നൽകണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. 


2223 വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്. നേരിട്ടെത്തിയും ഓൺലൈനിലും വിദ്യാർഥികൾ പങ്കെടുത്തു. തുടർന്നുള്ള പ്രശ്‌നങ്ങൾ വിദ്യാർഥികൾ നോർക്ക ഗ്രിവൻസ് സെല്ലിൽ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.