മക്ക: പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരുമാസം നേരത്തേതന്നെ ഉംറ തീര്‍ത്ഥാടനം തുടങ്ങും. തീര്‍ത്ഥാടകര്‍ക്ക് അടുത്ത ചൊവ്വാഴ്ച മുതല്‍ പുതിയ സീസണിലേക്കുള്ള ഉംറ വീസ നല്‍കിത്തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതല്‍ വിദേശികള്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് ഉംറ വീസ നല്‍കിയിരുന്നത്. വിഷന്‍ 2030ന്‍റെ ഭാഗമായി വിദേശ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയാക്കി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. 


ഇതനുസരിച്ച് ഈ മാസം 11 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. ഹജ്ജ് തീര്‍ഥാടനത്തിന് സാധിക്കാത്തവരാണ് പുണ്യകേന്ദ്രങ്ങളിലെത്തി ഉംറ നിര്‍വഹിക്കുന്നവരില്‍ ഭൂരിഭാഗവും.


കഴിഞ്ഞ ഉംറ സീസണില്‍ 70 ലക്ഷം വിദേശ തീര്‍ഥാടകരാണ് എത്തിയത്. വര്‍ഷത്തില്‍ ഉംറ തീര്‍ഥാകടരുടെ എണ്ണം 20 ലക്ഷം വീതം വര്‍ധിപ്പിച്ച് നാലു വര്‍ഷത്തിനകം ഇത് ഒന്നര കോടിയാക്കി ഉയര്‍ത്താനാണ് പദ്ധതിയെന്ന് ഹജ്ജ്, ഉംറ മന്ത്രി അബ്ദുല്‍ ഫത്താഹ് അല്‍ മുശാത്ത് അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പുണ്യകേന്ദ്രങ്ങളിലെ സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 


അതേസമയം ഹാജിമാര്‍ ഈ മാസം 25നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം ഹാജിമാര്‍ക്കാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.