Accidental Deaths: മോനിഷ, ജയന്‍, ബാലഭാസ്‌കര്‍... ഒടുവില്‍ കൊല്ലം സുധിയും; അപകടത്തിൽ പൊലിഞ്ഞ് നോവായി മാറിയ താരങ്ങൾ

Tue, 06 Jun 2023-1:01 pm,

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പ്രഭാതത്തില്‍ മലയാളി ഉണര്‍ന്നത് കൊല്ലം സുധി അപകടത്തിൽ മരിച്ചുവെന്ന നെഞ്ചുലയ്ക്കുന്ന വാർത്ത കേട്ടാണ്. വടകരയില്‍ നിന്ന് തിരിച്ച് വീട്ടിലേക്കുള്ള യാത്ര മധ്യേയാണ് ജൂൺ അഞ്ചിന് പുലര്‍ച്ചെ 4.30 ന് തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് കൊല്ലം സുധി സഞ്ചരിച്ച കാര്‍ ടെംമ്പോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇപ്പോഴും ദുരൂഹതകൾ തീരാത്ത മരണമാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റേത്. തൃശൂരിൽ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം തിരുവനന്തപുരേത്തയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. 2018 സെപ്റ്റംബര്‍ 25ന് ആണ് അപകടമുണ്ടായത്. തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ 2019 ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങി. അപകടത്തിൽ ബാലഭാസ്കറിന്റെ ഭാര്യയും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഒരു ഡിസംബർ പുലരിയില്‍ മരണം മോനിഷയെ തേടിയെത്തിയത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായികയെന്ന റെക്കോര്‍ഡോടെ പതിനഞ്ചാം വയസ്സില്‍ നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടി. മലയാളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച നടിയാകേണ്ട പ്രതിഭയായിരുന്നു മോനിഷ. 1992ൽ ആണ് മോനിഷ വാഹനാപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് അമ്മയ്ക്കൊപ്പം സഞ്ചരിക്കവേ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അമ്മ ശ്രീദേവി ഉണ്ണി ​ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

മലയാളത്തിന്റെ അഭിനയ പ്രതിഭയായിരുന്നു ജയൻ. ആക്ഷന്‍ രംഗങ്ങളിലെ അതിസാഹസികതയിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു ജയൻ. 1980 ല്‍ അത്തരത്തിൽ അതിസാഹസികമായ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണം ജയന്റെ ജീവന്‍ കവര്‍ന്നു. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ചെന്നൈയില്‍ നടക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക് കയറി തൂങ്ങിക്കിടക്കുന്ന സീൻ ആണ് ചിത്രീകരിച്ചിരുന്നത്. ആദ്യ ടേക്കില്‍ സീന്‍ ഓക്കെയാണെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും തൃപ്തിയാകാതെ ജയന്‍ ഒരു ടേക്ക് കൂടി നോക്കാം എന്ന് പറയുകയായിരുന്നു. അടുത്ത ടേക്കില്‍ ജയന്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയതും നിയന്ത്രണം നഷ്ടപ്പെട്ട് ജയൻ താഴേക്ക് പതിച്ചു. അപകടത്തില്‍ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ അപകടത്തെ കുറിച്ച് പിന്നീട് ഒരുപാട് വിവാദങ്ങളുയര്‍ന്നിരുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. ബാംഗ്ലൂരില്‍ ഒരു വിമാനാപകടത്തിലായിരുന്നു നടിയുടെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള യാത്രയ്ക്കിടെയാണ് സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചത്.

വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ബാലതാരമാണ് തരുണി സച്ച്‌ദേവ്. വിമാനദുരന്തത്തിലാണ് തരുണിയെ മരണം കവർന്നത്. നേപ്പാളിലേക്കുള്ള യാത്രമധ്യേയാണ് വിമാനാപകടം ഉണ്ടായത്. 2012 മെയ് 14 ന് തരുണിയുടെ ജന്മദിനത്തിലായിരുന്നു വിമാനാപകടം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link