Actress Sshivada: തമിഴ്സെൽവിയെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി; `ഗരുഡനി`ലെ ചിത്രങ്ങളുമായി ശിവദ
തമിഴ്സെൽവി എന്ന കഥാപാത്രമായിട്ടാണ് ശിവദ ഗരുഡനിൽ അഭിനയിച്ചത്. റിലീസിന് ശേഷം തമിഴ്സെൽവിക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും ആശംസകൾക്കും സന്ദേശങ്ങൾക്കും അതിയായ നന്ദിയും കടപ്പാടുമെന്ന് ശിവദ.
ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ വെട്രിമാരനാണ്. വെട്രിമാരനും കെ കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മെയ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ ഛായാഗ്രഹണം ആര്‍തര്‍ വില്‍സണും സംഗീതം യുവൻ ശങ്കർ രാജയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
കേരള കഫെ എന്ന മലയാളം ആന്തോളജി ചിത്രത്തിലുടെയാണ് ശിവദ സിനിമയിൽ അരങ്ങേറിയത്. എന്നാൽ ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടൂഗെതർ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
തമിഴിൽ നെടുംചലൈ, മലയാളത്തിൽ സു സു സുധീ വാത്മീകം, ഇടി, അച്ചായൻസ്, ശിക്കാരി ശംഭു, 12th മാൻ തുടങ്ങി ഒരുപിടി സിനിമകളിൽ ശിവദ അഭിനയിച്ചിരുന്നു.
കെ.വി ശ്രീലേഖ നായർ എന്നാണ് ശിവദയുടെ യഥാർത്ഥ പേര്. നടൻ മുരളീകൃഷ്ണനെയാണ് ശിവദ വിവാഹം ചെയ്തത്. ഇരുവർക്കും അരുന്ധതി എന്ന മകളുണ്ട്.