Amitabh Bachchan: എൺപതിന്റെ നിറവിൽ ഇന്ത്യയുടെ ബിഗ് ബി; തീർച്ചയായും കണ്ടിരിക്കേണ്ട ഏഴ് അമിതാഭ് ബച്ചൻ ചിത്രങ്ങൾ
ഐക്കണിക് ക്ലാസിക് ഷോലെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ച ചിത്രമാണ്. ധർമ്മേന്ദ്ര, ഹേമ മാലിനി, ജയ ഭാദുരി, അംജദ് ഖാൻ, സഞ്ജീവ് കുമാർ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച 1970 കളിലെ ഹിറ്റ് ചിത്രമായിരുന്നു ഷോലെ. കുപ്രസിദ്ധ കവർച്ചക്കാരനായ ഗബ്ബർ സിങ്ങിനെ പിടിക്കാൻ, ജയ്, വീരു എന്നീ രണ്ട് തട്ടിപ്പുകാരെ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ നിയമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അമിതാഭ് ബച്ചന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് 'ദീവാർ' എന്ന ഐതിഹാസിക ചിത്രം. അമിതാഭ് ബച്ചന്റെ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. 1975ൽ പുറത്തിറങ്ങിയ ദീവാർ കുട്ടിക്കാലത്ത് എതിർ വ്യക്തിത്വങ്ങളായി വികസിച്ച രണ്ട് സഹോദരങ്ങളുടെ കഥയാണ്. ഒരാൾ നിയമം അനുസരിക്കുന്ന പൗരനും മറ്റൊരാൾ കുറ്റവാളിയും. അമ്മയോടുള്ള ബഹുമാനം മാത്രമാണ് അവർക്ക് പൊതുവായുള്ളത്.
1973-ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രം ജനങ്ങളെ രസിപ്പിച്ചതിനൊപ്പം ഹിന്ദി സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിച്ചു. പ്രകാശ് മെഹ്‌റയാണ് ചിത്രം സംവിധാനം ചെയ്തത്. ബിഗ് ബിയുടെ ഭാര്യ ജയ ബച്ചൻ, പ്രൺ, അജിത് ഖാൻ, ബിന്ദു എന്നിവരും അഭിനയിച്ചു.
കൂലി എന്ന സിനിമയിൽ റെയിൽവേ കൂലിയായാണ് അമിതാഭ് ബച്ചൻ അഭിനയിച്ചിരിക്കുന്നത്. സിനിമയ്‌ക്കായി ഒരു ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ബിഗ് ബിക്ക് വലിയ അപകടം സംഭവിച്ചു. അതിനാൽ ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു വലിയ ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഭയാനകമായ നിമിഷമായിരുന്നു. അമിതാഭ് കൂലികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെയാണ് ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നത്.
ക്രൈം ഡ്രാമ ചിത്രമായ അഗ്നീപഥിൽ വിജയ് ദിനനാഥ് ചൗഹാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്. ഡാനി ഡെൻസോങ്‌പ, മിഥുൻ ചക്രവർത്തി, മാധവി, നീലം കോത്താരി, രോഹിണി ഹട്ടങ്ങാടി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിജയ് തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പ്രായമായ അച്ഛനുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ചുള്ള ഒരു രസകരമായ കോമഡി ചിത്രമാണ് പികു. അവരുടെ വിചിത്രതകൾ മറ്റുള്ളവരെ ബാധിക്കുന്നതെങ്ങനെയെന്നാണ് പികുവിൽ പറയുന്നത്. ഷൂജിത് സിർകാറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ഇർഫാൻ ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രശസ്ത സംവിധായകൻ അനിരുദ്ധ റോയ് ചൗധരിയുടെ തകർപ്പൻ ചിത്രങ്ങളിൽ ഒന്നായിരുന്നു പിങ്ക്. കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന മൂന്ന് യുവതികളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ഒരു മുൻ അഭിഭാഷകൻ ആയാണ് അമിതാഭ് ബച്ചൻ ചിത്രത്തിൽ എത്തുന്നത്. ബിഗ് ബി ഒരു അഭിഭാഷകന്റെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി.