Depression: വിഷാദത്തെ ചെറുക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തണം ഈ ഭക്ഷണങ്ങൾ
തൈര് പുളിപ്പിച്ച പാൽ ഉത്പന്നമായ കെഫീർ എന്നിവ കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. കുടലിന്റെ പ്രവർത്തനം ആരോഗ്യകരമാണെങ്കിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും അപകടസാധ്യതകളും കുറയും.
വൈറ്റമിൻ എ (ബീറ്റാ കരോട്ടിൻ), സി, ഇ എന്നിവയിൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നു. ശരീരത്തിന് ആവശ്യമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാകാം. ഉത്കണ്ഠയും വിഷാദവും പോലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകാം. ഉത്കണ്ഠ രോഗമുള്ളവർക്ക് ആന്റിഓക്‌സിഡന്റ് അടങ്ങിയ വിറ്റാമിനുകൾ കഴിക്കുകയാണെങ്കിൽ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറവായിരിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണത്തിന്റെ മികച്ച ഉദാഹരണമാണ് ബെറികൾ.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ വിറ്റാമിൻ ഡി വഴി ലഘൂകരിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ വിറ്റാമിൻ ഡിയുടെ ഭൂരിഭാഗവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ വിറ്റാമിൻ ഡി ശരീരത്തിന് ലഭ്യമാകുന്നതിന് ഭക്ഷണ സ്രോതസ്സുകളും പ്രധാനമാണ്. മത്സ്യം, പാൽ ഉത്പന്നങ്ങൾ, ബീഫ്, കരൾ, മുട്ട എന്നിവയെല്ലാം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നവയാണ്.
പയറുവർഗങ്ങൾ കൂടുതലായി കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിച്ചേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകൾ ഡിപ്രസീവ് ഡിസോർഡേഴ്സ് ചികിത്സിക്കാൻ ഗുണം ചെയ്യും. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് മസ്തിഷ്കത്തെയും മാനസികാവസ്ഥയെയും മെച്ചപ്പെട്ടതാക്കുന്നു. സാൽമൺ, മത്തി, ട്യൂണ, അയല, ഫ്ളാക്സ് സീഡ്, ഫ്ളാക്സ് സീഡ് ഓയിൽ, ചിയ വിത്തുകൾ, വാൽനട്ട് എന്നിവ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്.