Ganapathikkal: പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച; നിശബ്ദം, സുന്ദരം..ഗണപതിക്കല്ല്
അമ്പൂരിയില്‍ നിന്ന് 10 കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ റോഡരികില്‍ കണ്ണാടി കുളം എന്നൊരു സ്ഥലമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കണ്ണാടി കുളം എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ സ്ഥലം കാണാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമാണ് ഇവിടുത്തെ സവിശേഷത.
ആളുകളുടെ തിരക്കുകളൊന്നുമില്ലാതെ ശാന്തമായി കുളിക്കാനും വിശ്രമിക്കാനുമെല്ലാം കഴിയുന്ന ഇടമാണ് കണ്ണാടി കുളം. തീര്‍ത്തും സുരക്ഷിതമായതിനാല്‍ കുട്ടികളെയും കൊണ്ട് കുടുംബത്തോടൊപ്പവും ഇവിടേയ്ക്ക് ധൈര്യമായി വരാവുന്നതാണ്.
അമ്പൂരിയില്‍ നിന്ന് ആറുകാണി - കളിയല്‍ റോഡ് വഴി 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഗണപതിക്കല്ലിലെത്താം. അമ്പൂരിയില്‍ നിന്ന് ഗണപതിക്കല്ലിലേയ്ക്ക് തിരക്കുകളൊന്നുമില്ലാത്ത ചെറിയ റോഡിലൂടെയാണ് യാത്ര. ഈ റൂട്ടിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് സര്‍വീസുള്ളതിനാല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോകാന്‍.
കണ്ണാടി കുളത്തിലെ കുളിയും കഴിഞ്ഞ് നേരെ മുന്നോട്ടുള്ള റോഡിലൂടെ ഏകദേശം 4 - 5 കിലോ മീറ്റര്‍ സഞ്ചാരിക്കുമ്പോള്‍ റോഡിന്റെ ഇടത് ഭാഗത്ത് ചിറ്റാര്‍ ഡാമിന്റെ കാഴ്ചകള്‍ കാണാം. ഈ കാഴ്ചകള്‍ കണ്ട് മുന്നോട്ട് പോകുമ്പോള്‍ റോഡില്‍ നിന്ന് ഡാമിന്റെ ഭാഗത്തേയ്ക്ക് ഒരു മണ്‍പാതയുണ്ട്. ഇത് വഴി ഇറങ്ങിയാല്‍ ഗണപതിക്കല്ലിന്റെ മനോഹാരിത പൂര്‍ണമായ രീതിയില്‍ ആസ്വദിക്കാം. ഇരുചക്ര വാഹനമോ കാറോ ആവട്ടെ, ഇവിടേയ്ക്ക് ഇറക്കി നിങ്ങള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാം.
ഡാമില്‍ പ്രദേശവാസികളൊക്കെ കുളിക്കാറുണ്ടെങ്കിലും കാഴ്ചകള്‍ കാണാന്‍ എത്തുന്നവര്‍ ആവശ്യമായ മുന്‍കരുതലുണ്ടെങ്കില്‍ മാത്രമേ വെള്ളത്തിലേയ്ക്ക് ഇറങ്ങാന്‍ പാടുള്ളൂ. ഡാമിന്റെ റിസര്‍വോയറായതിനാല്‍ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ടൂറിസ്റ്റ് ഗൈഡ് ഇല്ലെന്ന് മാത്രമല്ല, ജനവാസം വളരെ കുറവുള്ള പ്രദേശം കൂടിയാണിത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായി വന്നാല്‍ പോലും ലഭിക്കണമെന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആരെയും പിടിച്ചിരുത്തുന്ന കാഴ്ചകളാണ് ഗണപതിക്കല്ലിലുള്ളത്. ഡാമിനെ ചുറ്റി തല ഉയര്‍ത്തി നില്‍ക്കുന്ന അംബര ചുംബികളായ മലനിരകളാണ് പ്രധാന ആകര്‍ഷണം. ഈക്കൂട്ടത്തില്‍ ക്ലാമല, വില്ലൂന്നിമല എന്നിവ ഗണപതിക്കല്ലില്‍ നിന്നാല്‍ കാണാം.
ഗണപതിക്കല്ലിലേയ്ക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ടി ചില കാര്യങ്ങളുണ്ട്. ഉച്ച സമയത്താണ് എത്തുന്നതെങ്കില്‍ ഭക്ഷണം കൈയ്യില്‍ കരുതുന്നതാണ് നല്ലത്. കാരണം ഈ പ്രദേശത്തിന് തൊട്ടടുത്ത് ചായക്കടകളോ ഹോട്ടലുകളോ ഒന്നുമില്ല. മാത്രമല്ല, അമ്പൂരിയില്‍ നിന്ന് തമിഴ്‌നാട് ബോര്‍ഡര്‍ പിന്നിട്ടു കഴിഞ്ഞാല്‍ ഫോണിലെ റേഞ്ചും ഒരു പ്രശ്‌നമാണ്. കണ്ണാടി കുളം ഭാഗത്ത് മാത്രമാണ് അല്‍പ്പമെങ്കിലും റേഞ്ച് ലഭിക്കുക.
ഗണപതിക്കല്ലിലേയ്ക്കുള്ള യാത്രയില്‍ പല തരം അപൂര്‍വ ഇനങ്ങളായ ചിത്രശലഭങ്ങളെയും പക്ഷികളെയുമൊക്കെ കാണാം. റോഡിന്റെ ഒരു വശത്തായി എണ്ണപ്പനകളുമുണ്ട്. ഗണപതിക്കല്ലില്‍ നിന്ന് വീണ്ടും മുന്നോട്ട് സഞ്ചരിച്ചാല്‍ ചിറ്റാര്‍ ഡാം കാണാമെന്നതും മറ്റൊരു സവിശേഷതയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കാലാവസ്ഥയിലും പെട്ടെന്നുള്ള മാറ്റങ്ങളുണ്ടാകാറുണ്ട്. മഴ പെയ്താല്‍ കയറി നില്‍ക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇവിടെ കുറവാണെന്ന കാര്യം കൂടി പ്രത്യേകം ഓര്‍ക്കണം.
നിത്യജീവിതത്തിലെ തിരക്കുകള്‍ മാറ്റിവെയ്ക്കാനും പ്രകൃതിയെ അതിന്റെ പൂര്‍ണമായ രീതിയില്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ ഗണപതിക്കല്ല് കണ്ടിരിക്കണം. ഇവിടേയ്ക്കുള്ള യാത്രയില്‍ പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന രീതിയില്‍ പ്ലാസ്റ്റിക് വലിച്ചെറിയുകയും മറ്റും ചെയ്യാതിരിക്കാന്‍ സഞ്ചാരികള്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..