Gulmohar: മൂന്നാറിന്റെ വഴിയോരങ്ങളില്‍ അഴക് വിരിയിച്ച് ഗുല്‍മോഹര്‍ മരങ്ങൾ; ചിത്രങ്ങൾ

Mon, 13 May 2024-3:41 pm,

പാതയോരങ്ങളിലാകെ ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുലുഞ്ഞ് നില്‍ക്കുന്നു. മൂന്നാര്‍ മറയൂര്‍ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കാണ് ഗുല്‍മോഹര്‍ മരങ്ങള്‍ തീര്‍ത്തിട്ടുള്ള വര്‍ണ്ണവസന്തത്തിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനാകുക. 

 

ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ മധ്യവേനലവധിക്കാലത്ത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കാഴ്ച്ചകളില്‍ ഒന്നാണ്. 

 

ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഗുല്‍മോഹര്‍ മരങ്ങള്‍ നട്ടുപിടിപ്പത്. വാക എന്ന പേരില്‍ അറിയപ്പെടുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയത്തിന്റെ മുറ്റങ്ങളിലുമെല്ലാം കാഴ്ചയുടെ പുതുവസന്തം സമ്മാനിക്കുന്നുണ്ട്. 

 

മഡഗാസ്‌കറാണ് ഗുല്‍മോഹറിന്റെ ജന്മദേശം. തണല്‍ വൃക്ഷമെന്ന നിലയില്‍ ഗുല്‍മോഹര്‍ കടല്‍ കടന്നെത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു. ചുവപ്പിന് പുറമെ മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള പൂക്കള്‍ വിരിയുന്ന ഗുല്‍മോഹര്‍ മരങ്ങളുമുണ്ട്. പരമാവധി പത്തു മീറ്ററോളമാണ് ഗുല്‍മോഹര്‍ മരങ്ങളുടെ ഉയരം. അത്രയുമെത്തിക്കഴിഞ്ഞാല്‍ പരന്നു പന്തലിക്കും.

 

വഴിയോരത്തു തണലേകി നില്‍ക്കുന്ന ഗുല്‍മോഹറിന്റെ ചാരുതക്ക് കടുത്ത വേനലിലും തെല്ലും കുറവുണ്ടായിട്ടില്ല.ഡെലോനിക്‌സ് റീജിയറാഫ് എന്നാണ് സിസാന്‍ പിനിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഗുല്‍മോഹറിന്റെ ശാസ്ത്രീയനാമം. 

 

കാലവര്‍ഷം എത്തുന്നതു വരെയാണ് പൂക്കളുടെ കാലം. മഴ പെയ്തു തുടങ്ങുന്നതോടെ പൂക്കള്‍ കൊഴിച്ചു വീണ്ടും പച്ചപ്പിലേക്ക് മടങ്ങും. എന്തായാലും പാതയോരത്തെ ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ വിശ്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തി മനം നിറഞ്ഞാണ് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ മടങ്ങുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link