Kerala heavy rain: Rescue | രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തി- ചിത്രങ്ങൾ
കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരന്തനിവാരണത്തിൽ സിവിൽ അഡ്മിനിസ്ട്രേഷനെ സഹായിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം, ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ സൈന്യവും കേരളത്തിലെത്തി.
Mi-17, സാരംഗ് ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിന് സജ്ജമായി. കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.
പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യൻ സൈന്യം ഇതിനകം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരു നിരയിൽ ഒരു ഓഫീസർ, 2 ജെസിഒമാർ, മറ്റ് 30 റാങ്കിലുള്ള സൈനികർ എന്നിവരും മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്ന് രണ്ട് ബൗട്ടും ഒബിഎമ്മും മറ്റ് ഉപകരണങ്ങളും കാഞ്ഞിരപ്പള്ളിയിലേക്ക് എത്തി.
സംസ്ഥാന സർക്കാർ അധികൃതരുമായി ഐഎഎഫും കരസേന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. അതേസമയം, കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.
ഉരുൾപൊട്ടലിൽ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിലടക്കം വെള്ളം കയറി. പല കെട്ടിടങ്ങളും ഒറ്റപ്പെട്ടു. പൊടുന്നനെ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലാണ് ദുരന്തമുണ്ടാക്കിയത്. പ്രദേശത്ത് ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തനായി വ്യോമസേനയുടെ സഹായം ഉള്‍പ്പടെ കോട്ടയം ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ M 17 ഹെലികോപ്ടറുകളും സൂളൂറിൽ നിന്ന് കൂടുതൽ ഹെലികോപ്ടറുകളും എത്തിയേക്കും.