Sarin Gas: സരിന്‍ കൊടും വിഷം! സയനഡിനേക്കാള്‍ 26 ഇരട്ടി അപകടകരം... പക്ഷേ ഈ സരിന്‍ `പി സരിന്‍` അല്ല
ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ ഒരു കൊലയാളിയാണ് 'സരിന്‍' എന്ന രാസായുധം. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ ഉപയോഗിച്ചുവന്നിരുന്ന രാസായുധമാണിത്.
നിറമോ മണമോ ഇല്ലാത്ത ഒരു ദ്രാവക പദാര്‍ത്ഥമാണ് സരിന്‍. ഒരു ഓര്‍ഗാനോ ഫോസ്ഫറസ് സംയുക്തമാണിത്. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ആണ് ഇത് ബാധിക്കുക.
സരിന്‍, വാതകാവസ്ഥയില്‍ ശ്വസിച്ചാല്‍ ഒരു മിനിട്ട് മുതല്‍ 10 മിനിട്ട് വരെയുള്ള സമയത്തിനുള്ളില്‍ മരണം സംഭവിക്കും. മരണകാരണല്ലാത്ത അളവിലാണ് ശ്വസിക്കുന്നതെങ്കില്‍ പോലും ഗുരുതരമായ നാഡീവ്യൂഹ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും
കൂട്ടക്കൊലപാതകങ്ങള്‍ക്കും വംശഹത്യകള്‍ക്കും ഉപയോഗിക്കുന്ന ഒരു രാസായുധം എന്ന് കുപ്രസിദ്ധി നേടിയ വസ്തുവാണ് സരിന്‍. ഇറാഖ്- ഇറാന്‍ യുദ്ധകാലത്ത് ആയിരണക്കണക്കിന് ജനങ്ങള്‍ ഈ രാസായുധ പ്രയോഗത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പൊട്ടാസ്യം സൈനഡ് എന്ന അതിഭീകര വിഷത്തേക്കാള്‍ മാരകമാണ് സരിന്‍ എന്നാണ് പറയപ്പെടുന്നത്. സൈനഡിനേക്കാള്‍ 26 മടങ്ങ് അപകടകരമാണെന്നാണ് കണ്ടെത്തല്‍.
1938 ല്‍ ജര്‍മനിയില്‍ ആണ് ആദ്യമായി സരിന്‍ ഉത്പാദിപ്പിക്കുന്നത്. കൂടതല്‍ ശക്തമായ ഒരു കീടനാശിനിയ്ക്ക് വേണ്ടി ഐജി ഫാര്‍ബെന്‍ എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണമാണ് സരിനിലേക്ക് എത്തിയത്.
ജര്‍മനിയും അമേരിക്കയും ഇറാഖും സിറിയയും എല്ലാം ഈ രാസായുധം ഉപയോഗിച്ചിട്ടുണ്ട്. 1993 ല്‍ ഐക്യരാഷ്ട്രസഭയുടെ രാസായുധ കണ്‍വെന്‍ഷനില്‍ 162 അംഗരാജ്യങ്ങള്‍ ഒപ്പുവച്ചു. സരിന്‍ അടക്കമുള്ള ചില രാസായുധങ്ങളുടെ ഉത്പാദനവും ശേഖരവും നിരോധിക്കുന്നതായിരുന്നു ആ കണ്‍വെന്‍ഷന്റെ തീരുമാനം. 1997 ല്‍ ഈ തീരുമാനം നിലവില്‍ വന്നു. 2007 ഓടുകൂടി സരിന്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങളുടെ സമ്പൂര്‍ണ നശീകരണവും പൂര്‍ത്തിയാക്കാനും തീരുമാനമായി.