Lulu hypermarket: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു- ചിത്രങ്ങൾ
കോയമ്പത്തൂർ അവിനാശി റോഡിലെ ലക്ഷ്മി മിൽസ് കോമ്പൗണ്ടിലാണ് ലുലു പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ തമിഴ്നാട്ടിലെ ആദ്യ സംരംഭം കൂടിയാണിത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അബുദാബിയിൽ വച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് തമിഴ്നാട് സർക്കാരുമായി ഒപ്പിട്ട ധാരണപാത്രത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്.
ഗ്രോസറി, ഫ്രഷ് ഫുഡ്, ഗാർഹിക ഉൽപ്പന്നങ്ങൾ, ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ, ഇലക്ട്രോണിക്സ് എന്നിവയുടെ വിശാലമായ വിവിധ സെക്ഷനുകൾ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ കാർഷിക മേഖലകളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ എന്നിവ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വീട്ടുപകരണങ്ങൾ, മറ്റ് ആവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടസ് മുതൽ രുചികരമായ ഭക്ഷണ - ബേക്കറി പദാർഥങ്ങളും ഒരേ കുടക്കീഴിൽ അണിനിരത്തിയാണ് കോയമ്പത്തൂർ ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്.
ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച ലോകോത്തര ഭക്ഷ്യ വസ്തുക്കളുടെ കേന്ദ്രവും ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബ്രാൻഡഡ് ഉൽപന്നങ്ങളും മികച്ച വിലയിൽ ലഭ്യമാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്.
തമിഴ്നാട്ടിൽ 3,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തമിഴ്നാട് സർക്കാരുമായി ധാരണയിൽ എത്തിയിരുന്നത്. ഫുഡ് സോഴ്സിങ്ങ് യൂണിറ്റ്, ലോജിസ്റ്റിക്സ് ഹബ്ബ് അടക്കം തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ ആരംഭിക്കാനുള്ള പദ്ധതികൾ സജീവമാണ്. ചെന്നൈയിൽ തുടങ്ങുന്ന ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത് തന്നെ ആരംഭിക്കും.