Mohanlal: മോഹൻലാലിന്റെ ആരോ​ഗ്യനില; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

Mon, 19 Aug 2024-1:44 pm,

താരത്തിൻ്റെ ആരോഗ്യനില ക്രമാനുഗതമായി മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ട്. ആരാധകരും സിനിമാലോകം ഒന്നടങ്കടവും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. 

 

അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് വിവരം. 

 

മോളിവുഡ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റെ ചിത്രീകരണവും തൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി അടുത്തിടെയാണ് മോഹൻലാൽ ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയത്. 

 

കൊച്ചിയിൽ തിരിച്ചെത്തിയ താരത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അദ്ദേഹം മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. അമൃത ആശുപത്രി അധികൃതർ തന്നെയാണ് മോഹൻലാൽ ചികിത്സ തേടിയ വിവരം ഔദ്യോ​ഗികമായി പുറത്തുവിട്ടത്. 

 

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. 2024 ഒക്ടോബർ 3-ന് ചിത്രം തിയേറ്ററുകളിലെത്തും. ബറോസിലൂടെ സംവിധായകനായി മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്നു എന്നത് തന്നെയാണ് പ്രധാന സവിശേഷത. ആദ്യം സെപ്തംബർ 12ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകർ ആലോചിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. 

 

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെയാണ് വേഷമിടുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് പ്രമേയം. 40 വർഷം നീണ്ട കരിയറിലെ മുഴുവൻ അനുഭവവും മോഹൻലാൽ ബറോസിൽ ഉപയോ​ഗപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

 

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എൽ2: എമ്പുരാൻ’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലക്കോട്ടൈ വാലിബൻ' എന്ന ചിത്രമാണ് മോഹൻലാലിൻ്റേതായി അവസാനം പുറത്തിറങ്ങിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link