പ്രധാനമന്ത്രി നരേന്ദ്ര മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഇന്ന് രാജ്യത്തിന് സമർപ്പിക്കും, ചിത്രങ്ങൾ കാണാം
ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11: 30 ന് പ്രധാനമന്ത്രി നിർവ്വഹിക്കും. ജലൗൺ ജില്ലയിലെ ഒറായി തഹസിൽദാർ കൈതേരി ഗ്രാമത്തിലാണ് പരിപാടി.
14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ നാലുവരി അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. ഇതിനെ പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും.
28 മാസത്തിനുള്ളിലാണ് ഈ എക്സ്പ്രസ് വേയുടെ പണി പൂർത്തിയായത്. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി മോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് തറക്കല്ലിട്ടത്.
നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, 14 പ്രധാന പാലങ്ങൾ, ആറ് ടോൾ പ്ലാസകൾ, ഏഴ് റാമ്പ് പ്ലാസകൾ, 293 മൈനർ ബ്രിഡ്ജുകൾ, 19 മേൽപ്പാലങ്ങൾ, 224 അണ്ടർപാസുകൾ എന്നിവ എക്‌സ്പ്രസ് വേയിൽ നിർമ്മിച്ചിട്ടുണ്ട്.
എക്സ്പ്രസ് വേയിൽ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി 13 സ്ഥലങ്ങളിൽ ഇന്റർചേഞ്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെ എക്‌സ്പ്രസ് വേ വ്യാപിച്ച് കിടക്കുന്നു.
യുപിയിലെ ഏഴ് ജില്ലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔരയ്യ, ഇറ്റാവ എന്നിവയാണ് ആ ഏഴ് ജില്ലകൾ.
ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1,132 കോടി രൂപ ലാഭിച്ച് പണി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്