Pulwama Attack: രാജ്യം വിറങ്ങലിച്ചു പോയ കറുത്ത ദിനം,ഒാർമിക്കാം രാജ്യത്തിനായ് ജീവൻ വെടിഞ്ഞ ധീരൻമാരെ
ഇന്ന് രാജ്യം കണ്ണീരോടെ ഒാർമിക്കുന്നത് പുൽവാമയിൽ മരിച്ചു വീണ് ആ 40 സി.ആർ.പി.എഫ് സൈനീകരെയാണ്. ഇന്ത്യ തരിച്ച് നിന്നു പോയ ചാവേർ സ്ഫോടനത്തിന് ഇന്ന് രണ്ട് വയസ്സാവുകയാണ്. രാജ്യം മുഴുവൻ നമിക്കുന്നു പുൽവാമ ധീരർക്ക് മുന്നിൽ
2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘം 78 വാഹനവ്യൂഹങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുമ്പോൾ ദേശീയപാതയിൽ അവന്തിപ്പോറയ്ക്ക് സമീപമായിരുന്നു ആക്രമണം.
ആക്രമണത്തിൽ സി.ആർ.പി.എഫിന്റെ 76ാം ബറ്റാലിയനിലെ 40 സൈനീകരാണ് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ജവാന്മാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്.
ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യ ആക്രമണത്തിൽ തകർത്തത്.