Rajathottam: മഴയും വെയിലും മഞ്ഞും ഞൊടിയിടയിൽ മാറി മറിയും! അത്ഭുതമാണീ രാജാത്തോട്ടം...

Fri, 22 Mar 2024-6:32 pm,

ആര്യങ്കാവില്‍ നിന്ന് റോസ്മലയിലേയ്ക്ക് പോകുന്ന വഴിയെ തിരിഞ്ഞ് ഏകദേശം 5 കിലോ മീറ്ററോളം സഞ്ചാരിച്ചാല്‍ റോഡ് രണ്ടായി പിരിയുന്നത് കാണാം. 

 

അവിടെ ഇടത്തേയ്ക്കുള്ള റോഡിലേയ്ക്ക് രാജാത്തോട്ടം എന്ന ബോര്‍ഡുണ്ട്. ഈ റോഡിലൂടെ ഏകദേശം 1 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഗേറ്റിലെത്തും. 

 

ഗേറ്റ് കടന്ന് 3-4 കിലോ മീറ്റര്‍ മുന്നോട്ട് പോയാല്‍ കുരിശടിയെത്തും. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യത ശേഷം ആവേശം വാനോളം ഉയര്‍ത്തുന്ന ട്രെക്കിംഗ് ആരംഭിക്കാം. 

 

ചെറിയ കാട്ടില്‍ നിന്ന് തുടങ്ങി മുന്നിലേയ്ക്ക് പോകുന്തോറും ആരെയും വിസ്മയിപ്പിക്കുന്ന പുല്‍ത്തകിടികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക. 

 

വീശിയടിക്കുന്ന കാറ്റിനെ തരണം ചെയ്ത് രാജാത്തോട്ടം കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഒരേ സമയം വെയിലും മഴയും മഞ്ഞുമെല്ലാം മാറി മാറി വരുന്ന പ്രകൃതിയുടെ വിസ്മയക്കാഴ്ച തന്നെ കാണാനായേക്കും. ഇവിടെ വന്യമൃഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ട്രെക്കിംഗിനിടെ ആനപ്പിണ്ടവും മറ്റും കാണാം. 

 

കനത്ത മഴയെയും മൂടല്‍ മഞ്ഞിനെയും തരണം ചെയ്ത് മുകളിലേയ്ക്ക് കയറിച്ചെന്നാല്‍ ഒരു കുരിശ് കാണാം. അതിന്റെ സമീപത്തായി ഭീമന്‍ പാറക്കെട്ടുകളുമുണ്ട്. അത്യന്തം അപകടം നിറഞ്ഞ സ്ഥലമായതിനാല്‍ തന്നെ പാറക്കെട്ടുകളില്‍ കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല, ഈ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയാതെ ഉത്തരവാദിത്തപ്പെട്ട സഞ്ചാരിയാകാന്‍ ശ്രദ്ധിക്കുമല്ലോ...

 

ആര്യങ്കാവില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ കയ്യില്‍ ആവശ്യത്തിനുള്ള കുടിവെള്ളം കരുതിവെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പോകുന്നത് പൂര്‍ണമായും വന മേഖലയിലേയ്ക്കായതിനാല്‍ മൊബൈല്‍ ഫോണിന് റേഞ്ചും ഉണ്ടായിരിക്കില്ല. ചെരിപ്പിനേക്കാള്‍ മികച്ച ഗ്രിപ്പുള്ള ഷൂസ് ധരിക്കുന്നതാണ് ഉത്തമം. അതിനാല്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയും വേണം രാജാത്തോട്ടത്തിലേയ്ക്കുള്ള യാത്ര. 

 

രാജാത്തോട്ടത്തിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ സമീപത്തുള്ള റോസ്മലയിലേയ്ക്ക് കൂടി പോയി കാഴ്ചകള്‍ ആസ്വദിക്കുന്നത് മികച്ച അനുഭവം സമ്മാനിക്കും. നല്ല ഒരു ഓഫ് റോഡ് യാത്ര ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link