Zika Virus: എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസില്‍പ്പെട്ടതാണ് (Zika Virus).
ഡെങ്കി, മലേറിയ, ചിക്കന്‍ ഗുനിയ എന്നിവ പോലെ, സികയും പകല്‍ കടിയ്ക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് (Aedes Mosqquitos) വൈറസ് പരത്തുന്നത്.
കൊതുക് കടിയ്ക്കുന്നതിലൂടെ വൈറസ് ശരീരത്തില്‍ കടന്നാല്‍, മനുഷ്യരില്‍ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാന്‍ ഇടയാക്കുന്നു. ഈ വൈറസ് ബാധയില്‍ മരണസാധ്യത വളരെ കുറവാണ് എങ്കിലും സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
തലവേദന, പനി, ജലദോഷം, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോട് സമാനമായ ലക്ഷണങ്ങളാണ് സിക്കയ്ക്കുമുള്ളത്. ഈ ലക്ഷണങ്ങള്‍ ഒരാഴ്ചയോളം തുടരുകയാണ് എങ്കില്‍ സിക്ക വൈറസ്ബാധയെന്ന് അനുമാനിക്കാം. ഉടന്‍ തന്നെ ശരിയായ പരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തേണ്ടത് ആവശ്യമാണ്.
ഏറെ ഗുരുതരമാവാറില്ല എന്നതിനാല്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ മിക്കവാറും വേണ്ടിവരാറില്ല. കൂടാതെ, സിക്ക വൈറസ് ബാധിച്ചാലും മരണ സാധ്യത വളരെ കുറവാണ്. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ കൊണ്ടു തന്നെ വേഗം സുഖം പ്രാപിക്കാന്‍ സാധിക്കും.
സിക്ക വൈറസ് ഏറെ ഗുരുതരമാവാറില്ല എങ്കിലും ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധയുള്ള അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതയായ മാതാവിന്‍റെ അമ്നിയോട്ടിക് ദ്രവത്തിലും പ്ലാസെന്റയിലും, ശിശുവിന്‍റെ തലച്ചോറിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നതും പകല്‍ സമയത്തും വൈകുന്നേരങ്ങളിലും കടിയ്ക്കുന്നതുമായ കൊതുകുകളിലൂടെയാണ് സിക്ക വൈറസ് പകരുന്നത്. അതിനാല്‍, ഈ സമയത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇത്തരം കൊതുകില്‍ നിന്നും രക്ഷനേടാന്‍ കഴിവതും ഈ സമയത്ത് പുറത്തിറങ്ങാതിരിയ്ക്കുക. വീട്ടിനുള്ളില്‍ കൊതുകിനെ നശിപ്പിക്കാനുള്ള ഉപാധികള്‍ സ്വീകരിയ്ക്കുക, വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ നിലവില്‍ വാക്സിന്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, സിക്ക വൈറസിനെതിരെയുള്ള വാക്സിന്‍ ഫ്രാന്‍സ് ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.