ആന്റിഗ്വെ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍  നാല് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 143 റണ്‍സുമായി കോഹ്‌ലിയും 22 റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍. കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെ സെഞ്ച്വറിയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തില്‍ വിന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷൂ എറിഞ്ഞ മുപ്പതാം ഓവറിലെ നാലാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് കൊഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ 3,000 റണ്‍സ് തികച്ചത്. നാല്‍പ്പത്തിരണ്ട് ടെസ്റ്റും എഴുപത്തിമൂന്ന് ഇന്നിംഗ്‌സും കളിച്ചാണ് കോഹ്ലി 3,000 റണ്‍സ് ക്ലബ്ബിലെത്തിയത്. രണ്ടായിരത്തില്‍ നിന്നും മൂവായിരത്തിലെത്താന്‍ 20 ഇന്നിംഗ്‌സുകള്‍ മാത്രമാണ് കൊഹ്‌ലി എടുത്തത്.


60 റണ്‍സെടുക്കുമ്പോഴേക്കും ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ധവാന് കൂട്ടായി കോഹ്‌ലി എത്തിയതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 105 റണ്‍സിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. സ്‌കോര്‍ 174 ല്‍ നില്‍ക്കെ 84 റണ്‍സ് നേടിയ ധവാന്‍ ബിഷുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 147 പന്ത് നേരിട്ട ധവാന്‍ ഒന്‍പത് ഫോറും ഒരു സിക്‌സറും നേടി.


പിന്നിടെത്തിയ അജിങ്ക്യ രഹാനെ 22 റണ്‍സ് നേടി നില്‍ക്കെ ബിഷുവിന് മൂന്നാം വിക്കറ്റ് നല്‍കി മടങ്ങി. ആറാമനായിറങ്ങിയ അശ്വിനെ (22) കൂട്ടുപിടിച്ച് വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇതുവരെ 66 റണ്‍സ് കോഹ്‌ലി നേടി കഴിഞ്ഞു. വെസ്റ്റിന്‍ഡീസ് ബൗളിങ് നിരയില്‍ ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാനോണ്‍ ഗബ്രിയല്‍ ഒരു വിക്കറ്റ് നേടി.