Asia Cup 2022 : സൂപ്പർ ഫോറിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ജഡേജ ടീമിൽ നിന്നും പുറത്ത്
Asia Cup Indian Squad : പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം നിർണായക ഇന്നിങ്സ് ജഡേജ പങ്കുവെച്ചിരുന്നു
ദുബായ് : ഏഷ്യ കപ്പ് 2022 ന്റെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ച ഇന്ത്യക്ക് തിരിച്ചടി. ടീമിലെ നമ്പർ വൺ ഓൾറൗണ്ടർ താരമായ രവീന്ദ്ര ജഡേജ പരിക്കിനെ തുടർന്ന് ടീമിൽ പുറത്തായി. പകരം ഇന്ത്യൻ സ്ക്വാഡിലെ സ്റ്റാൻഡ്ബൈ താരമായിരുന്നു അക്സർ പട്ടേൽ ടീമിനൊപ്പം ചേരും. ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിനിടെ വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ഇന്ത്യൻ താരത്തിന് ടീം വിടേണ്ടി വന്നിരിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ നമ്പർ വൺ ഓൾറൗണ്ടർ താരം ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം നിർണായക ഇന്നിങ്സ് ജഡേജ പങ്കുവെച്ചിരുന്നു. നേരത്തെ ഐപിഎൽ മത്സരത്തിനിടെ പരിക്കിനെ തുടർന്ന് ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ ടീമിൽ നിന്നും പുറത്തായിരുന്നു. അന്ന് സിഎസ്കെയിൽ നിലനിന്നിരുന്ന ക്യാപ്റ്റൻസി പ്രശ്നത്തിനിടെയാണ് താരം പരിക്കിനെ തുടർന്ന് ടീമിൽ മാറി നിന്നത്.
ALSO READ : Asia Cup 2022: കൊടുങ്കാറ്റായി കോഹ്‌ലി-സൂര്യ സഖ്യം; ഹോങ്കോങ്ങിനെ തോൽപ്പിച്ച് സൂപ്പർ ഫോറിൽ ഇടം നേടി ഇന്ത്യ
ടീമിലേക്ക് ക്ഷണം ലഭിച്ച അക്സർ പട്ടേൽ ഉടൻ ദുബായിൽ എത്തിച്ചേരും. അടുത്തിടെ കഴിഞ്ഞ ഇന്ത്യയുടെ സിംബാബ്വെ, വിൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതെ തുടർന്നാണ് ഇന്ത്യ ടീം സെലക്ടേഴ്സ് അക്സറിനെ ടീമിന്റെ സ്റ്റാൻഡ്ബൈ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
പരിക്കേറ്റ ജഡേജ പിന്മാറിയതിന് ശേഷമുള്ള ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സംഘം. രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ആർ. ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ എന്നിവരാണ് പ്രധാന ടീമിലുള്ളത്. കൂടാതെ ശ്രയസ് ഐയ്യർ, ദീപക് ചഹർ എന്നിവരെ സ്റ്റാൻഡിബൈ താരങ്ങളായി ടീമിൽ നിലനിർത്തിട്ടുണ്ട്.
ഏഷ്യ കപ്പിൽ ഗ്രൂപ്പ് ഘട്ടം മത്സരങ്ങളിൽ ബദ്ധ വൈരികളായ പാകിസ്ഥാനെയും ഹോങ്കോങിനെയും തകർത്താണ് രോഹിത് ശർമയും സംഘവും സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാനെ തകർക്കുന്നത്. രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവും മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും ചേർന്നാണ് ഹോങ്കോങ്ങിനെ തകർക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.