Asian Mountain Bike Cycling Championship: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Asian Mountain Bike Cycling Championship: 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമുള്ള 31 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: 28-ാമത് സീനിയർ, 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഒക്ടോബർ 26 മുതൽ 29 വരെ തിരുവനന്തപുരം പൊന്മുടിയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ചാംപ്യൻഷിപ്പിനായുള്ള 31 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമാണുള്ളത്. കർണാടകയിൽ നിന്നുള്ള കിരൺകുമാർ രാജുവും പട്യാല നാഷണൽ സെന്റർ ഓഫ് എക്‌സലൻസിൽ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകർ.
തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ടീമിന്റെ ജഴ്‌സി പ്രകാശനം നടന്നു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ കെ.എ. സജു തുടങ്ങിയവർ പങ്കെടുത്തു.
ALSO READ: ഡബിളടിച്ച് മെസി, പെറുവിനെ തകർത്ത് അര്‍ജന്റീന; ചിത്രങ്ങൾ കാണാം
അഡ്വഞ്ചർ സ്പോർട്സിനും അഡ്വഞ്ചർ ടൂറിസത്തിനും കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഈ സാഹചര്യത്തിൽ കേരളത്തെ ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഒക്ടോബർ 25ന് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടേയും പ്രതിനിധികൾ പങ്കെടുക്കും.
ഒളിംപിക് യോഗ്യതാ മത്സരമായതിനാൽ ചാംപ്യൻഷിപ്പിന് വലിയ പ്രാധാന്യമുണ്ടെന്ന് ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിംഗ് പറഞ്ഞു. 20 രാജ്യങ്ങളിൽ നിന്നായി 250ലേറെ റൈഡർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തുന്നുണ്ടെന്നും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളും കായിക താരങ്ങളും ചാംപ്യൻഷിപ്പിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചാംപ്യൻഷിപ്പ് സംഘടിപ്പിക്കാൻ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ വിശ്വാസമർപ്പിച്ചതിന് ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ പ്രസിഡന്റ് എച്ച്.ഇ. ഒസാമ അൽ ഷഫാർ, സെക്രട്ടറി ജനറൽ ഓംകാർ സിംഗ് എന്നിവരോട് നന്ദി അറിയിക്കുന്നതായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർ പാൽ സിംഗ് പറഞ്ഞു. ടൂറിസം, കായിക മേഖലകളിൽ അതിവേഗം വളരുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ സാധ്യതകൾ തെളിയിക്കാനുള്ള അവസരമാണ് ചാംപ്യൻഷിപ്പെന്നും, ഇത് കേരളം പ്രയോജനപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ആദ്യത്തെ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ചാംപ്യൻഷിപ്പ് എന്ന നിലയിൽ ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
20 രാജ്യങ്ങളിൽ നിന്നായി 250 ഓളം സൈക്ലിങ് താരങ്ങൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചാംപ്യൻഷിപ്പാണ്. ഇതാദ്യമായാണ് ഏഷ്യൻ ചാംപ്യൻഷിപ്പ് ഇന്ത്യയിൽ സംഘടിപ്പിക്കപ്പെടുന്നത്. ചാംപ്യൻഷിപ്പിലെ എലൈറ്റ് വിഭാഗത്തിൽ ജേതാക്കളാകുന്ന റൈഡർമാർക്ക് 2024ലെ പാരസ് ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. ചാംപ്യൻഷിപ്പിനു ശേഷം ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷന്റെ മാനെജ്‌മെന്റ് കമ്മറ്റി മീറ്റിങ്ങിനും തിരുവനന്തപുരത്ത് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.