കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് വര്‍ണ്ണാഭമായ തുടക്കം
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ മുതലാണ് മത്സരങ്ങൾ അരങ്ങേറുക.
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ മുതലാണ് മത്സരങ്ങൾ അരങ്ങേറുക.
ഗെയിംസിന്റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനപരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷുകാരനായ ഡേവിഡ് സോൽക് വറാണ്. 2004, 2008 ഒളിമ്പിക്സുകള്‍, 2014 കോമണ്‍വെൽത്ത് ഗെയിംസ്, 2010 ഫിഫ ലോകകപ്പ് ഫുട്ബോൾ, വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽട്ടന്റെയും രാജകീയ വിവാഹം തുടങ്ങിയ വമ്പന്‍ പരിപാടികളിലെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു സോൽക് വർ.
71 രാജ്യങ്ങളില്‍ നിന്നുള്ള 6,600 കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഇന്ത്യയുടെ 225 അംഗ ടീമിനെ മാര്‍ച്ച്പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു നയിക്കും.
ഇതുവരെ തുടര്‍ന്നുവന്നിരുന്ന പരമ്പരാഗത വേഷമായ സാരി മാറ്റി പകരം കോട്ടും സ്യൂട്ടും അണിഞ്ഞായിരിക്കും ഇത്തവണ വനിതാ താരങ്ങള്‍ പരേഡില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ വനിതാ താരങ്ങള്‍ അണിയുക.
ഇതിനു മുന്‍പ് 2014ല്‍ ഗ്ലാസ്കോയിലായിരുന്നു കോമണ്‍വെൽത്ത് ഗെയിംസ് നടന്നത്. 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്. ഗെയിംസ് ഈ മാസം 15ന് സമാപിക്കും.
സോണി സിക്സ്, സോണി ടെൻ 2 തുടങ്ങിയ ചാനലുകളിൽ ഉദ്ഘാടന ചടങ്ങുകൾ തത്സമയം കാണാം.