പന്ത്രണ്ടാം ലോകകപ്പിലെ അവസാന മത്സരത്തോടെ വിരമിച്ച ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ലോര്‍ഡ്സില്‍ ബംഗ്ലാദേശിനെതിരായി നടന്ന മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചെങ്കിലും ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു. 


ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു.  


എല്ലാ കഥകള്‍ക്കും ഒരവസാനമുണ്ട്. എന്നാല്‍, ജീവിതത്തിലെ ഓരോ വിരാമത്തിനും പുതിയൊരു തുടക്കമുണ്ടാകുമെന്ന് പറഞ്ഞാണ് സാനിയ പോസ്റ്റ്‌ ആരംഭിച്ചിരിക്കുന്നത്. 


കഴിഞ്ഞ 20 വര്‍ഷമായി പാക്കിസ്ഥാന് വേണ്ടി അഭിമാനത്തോടെയാണ് ഷൊയ്ബ് കളിച്ചതെന്നും ഇനിയുമത് തുടരുമെന്നും സാനിയ പോസ്റ്റില്‍ പറയുന്നു.


നിങ്ങളുടെ നേട്ടങ്ങളിലും നിങ്ങളിലും താനും ഇസാനും ഏറെ അഭിമാനിക്കുന്നുവെന്നും സാനിയ പറയുന്നു. 


സാനിയയെ കൂടാതെ, പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ്‌ ഹഫീസ്, ഷാഹിദ് അഫ്രീദി, ഷദബ് ഖാന്‍, ബാബര്‍ അസ൦, എന്നിവരാണ്‌ ഷൊയ്ബിന് ആശംസകള്‍ നേര്‍ന്നത്.  







കൂടാതെ, കമ്രാന്‍ അക്മല്‍, വഹാബ് റിയാസ്, സിക്കന്ദര്‍ റാസ, ആഷര്‍ മഹ്മൂദ്, ആഷര്‍ അലി, സോഹാലി തന്‍വീര്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. 


ഈ മത്സരത്തോടെ താന്‍ വിരമിക്കുന്നതായി ഷൊയ്ബ് മാലിക് തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 


ഇന്ന് ഞാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണ്. എനിക്കൊപ്പം കളിച്ച എല്ലാ കളിക്കാര്‍ക്കും, എന്നെ പരിശീലിപ്പിച്ച പരിശീലകര്‍ക്കും, കുടുംബത്തിനും, കൂട്ടുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും, സ്പോണ്‍സേഴ്സിനും നന്ദി. എല്ലാത്തിനുമുപരി എന്‍റെ ആരാധകര്‍ക്കും, ഐ ലവ് യൂ ഓള്‍-  ഷൊയ്ബ് കുറിച്ചു. 


ഷൊയ്ബിന് യാത്രയയപ്പ് നല്‍കുന്ന ടീമംഗങ്ങളുടെ വീഡിയോ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിട്ടുണ്ട്. 


287 ഏകദിന മത്സരങ്ങളില്‍ നിന്നായി 7534 റണ്‍സാണ് ഷൊയ്ബ് മാലിക്കിന്‍റെ സമ്പാദ്യം. ഒന്‍പത് സെഞ്ചുറികളും, 44 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണ് ഷൊയ്ബിന്‍റെ റണ്‍സ് വേട്ട. 


34.55 ബാറ്റി൦ഗ് ശരാശരിയുള്ള  ഷൊയ്ബ് 158 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളി൦ഗ് പ്രകടനം.


ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച മാലിക്ക് എട്ടു റണ്‍സ് മാത്രമാണെടുത്തത്. മോശം ഫോമിനെത്തുടര്‍ന്ന് പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മാലിക് മാഞ്ചസ്റ്ററില്‍ ഇന്ത്യക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്.


1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വര്‍ഷത്തെ കരിയറിനാണ് വിരാമമാകുന്നത്.