Cristiano Ronaldo: ദേശീയ ടീമിൽ പുതിയ റെക്കോർഡിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ; നേട്ടം ആഘോഷിച്ചത് ഡബിളടിച്ച്!
Cristiano Ronaldo new record: പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു 38കാരനായ റൊണാൾഡോ ലീച്ചെൻസ്റ്റൈനെതിരെ പുറത്തെടുത്തത്.
അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. യൂറോ 2023 ക്വാളിഫയറിൽ ലീച്ചെൻസ്റ്റൈന് എതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ അടിച്ചാണ് റൊണാൾഡോ തൻറെ നേട്ടം ആഘോഷിച്ചത്.
38കാരനായ റൊണാൾഡോയുടെ 197-ാം മത്സരമായിരുന്നു ലീച്ചെൻസ്റ്റൈനെതിരെ നടന്നത്. ഇതോടെ 196 മത്സരങ്ങൾ കളിച്ച കുവൈത്തിൻറെ ബാദർ അൽ മുത്താവയുടെ റെക്കോർഡ് പഴങ്കഥയായി. മത്സരത്തിൻറെ 51-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി അനായാസം വലയിലാക്കിയ റൊണാൾഡോ വെറും 12 മിനിട്ടുകൾക്കുള്ളിൽ രണ്ടാം ഗോളും സ്വന്തമാക്കി. തകർപ്പൻ ഫ്രീ കിക്കിലൂടെയാണ് റോണോ തൻറെ രണ്ടാം ഗോൾ നേടിയത്. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവർ പോർച്ചുഗലിൻറെ ലീഡ് രണ്ടായി ഉയർത്തിയതിന് ശേഷമായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത 4 ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.
ALSO READ: പഞ്ചാബ് കിങ്സിന് തിരച്ചടി; ഐപിഎല്ലിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് താരത്തിന് അവസരം നിഷേധിച്ച് ഇസിബി
ഡബിളടിച്ചതോടെ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം 120 ആയി. ഇതോടെ 100 മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡുകളാണ് തൻറെ പ്രചോദനമെന്ന് റൊണാൾഡോ മത്സര ശേഷം പറഞ്ഞു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് തനിയ്ക്ക് ഏറെ അഭിമാനം നൽകുന്നുവെന്നും ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും സൂപ്പർ താരം വ്യക്തമാക്കി. 2003ലാണ് പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോ അരങ്ങേറ്റം കുറിച്ചത്. തുടർച്ചയായി 5 ലോകകപ്പുകൾ കളിക്കുന്ന താരമെന്ന റെക്കോർഡ് ഖത്തർ ലോകകപ്പിൽ താരം സ്വന്തമാക്കിയിരുന്നു.
മൊറോക്കോയോട് 1-0ന് പരാജയപ്പെട്ടാണ് പോർച്ചുഗൽ ലോകകപ്പിൽ നിന്ന് പുറത്തായത്. പതിവായി ബെഞ്ചിലിരിക്കേണ്ടി വന്ന റൊണാൾഡോയ്ക്ക് ടീമിന് വേണ്ടി കാര്യമായ സംഭാവനകൾ നൽകാനുള്ള അവസരം ലഭിച്ചിരുന്നില്ല. മോറോക്കോയ്ക്ക് എതിരെ വഴങ്ങിയ തോൽവിയ്ക്ക് പിന്നാലെ കണ്ണീരോടെ ഡ്രസിംഗ് റൂമിലേയ്ക്ക് പോകുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ ഖത്തർ ലോകകപ്പിലെ നൊമ്പര കാഴ്ചകളിലൊന്നായിരുന്നു. നിലവിൽ സൌദി അറേബ്യൻ ക്ലബ്ബായ അൽ നസറിലാണ് റൊണാൾഡോ കളിക്കുന്നത്. ഇതിനോടകം 10 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അൽ നസറിന് വേണ്ടി റൊണാൾഡോ സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...