S Sreesanth : ഗായകനായി ശ്രീശാന്ത്; ആലാപനം സണ്ണി ലിയോൺ ചിത്രത്തിൽ
Sreesanth Item Number One Movie `ഐറ്റം നമ്പർ വൺ ` എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്തേക്കുള്ള ശ്രീയുടെ ചുവടുവയ്പ്. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
കൊച്ചി: ക്രിക്കറ്റിന് പുറമെ അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌സ്‌ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ ശ്രീശാന്ത് ഇനി ബോളിവുഡിൽ ഗായകനാകുന്നു. എൻഎൻജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന "ഐറ്റം നമ്പർ വൺ " എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാനരംഗത്തേക്കുള്ള ശ്രീയുടെ ചുവടുവയ്പ്. ചിത്രത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
"ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് എന്റേത്" ശ്രീ പറഞ്ഞു. കൊച്ചിയിലെ സ്റ്റുഡിയോയിൽ ആയിരുന്നു റെക്കോർഡിങ്.
സജീവ് മംഗലത്താണ് സംഗീത സംവിധാനം. സണ്ണി ലിയോൺ ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും.
അടുത്തിടെ ഇറങ്ങിയ കാതുവാക്കിലെ രണ്ടു കാതൽ എന്ന വിജയ് സേതുപതി, നയന്താര, സാമന്ത ചിത്രത്തിൽ ശ്രീശാന്ത് അഭിനയിച്ചിരുന്നു. സാമന്തയുടെ കാമുകനായിട്ടാണ് ശ്രീ ചിത്രത്തിലെത്തുന്നത്. ഏപ്രിൽ 28ന് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്ത് മികച്ച പ്രകടനം തുടരുകയാണ്.
2022 മാർച്ച് ഒമ്പതിനാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ശ്രീശാന്ത് പ്രഖ്യാപിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ടീമംഗമായി തിരിച്ചുവന്നതിന് പിന്നാലെയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വരും തലമുറയിലെ ക്രിക്കറ്റർമാർക്കായാണ് വിരമിക്കലെന്നും സ്വയമെടുത്ത തീരുമാനമാണെന്നും സന്തോഷം പകരുന്ന കാര്യമല്ലെങ്കിലും അത് അനിവാര്യാമാണെന്നുമായിരുന്നു താരം അന്ന് ട്വിറ്ററിൽ കുറിച്ചത്.
ALSO READ : Sreesanth Retirement : വിവാദങ്ങളിൽ നിന്ന് പറന്നുയർന്ന പോരാളി ; ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം 'ശ്രീ'
2007ലെ ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാൻ നായകന്‍ മിസ്‌ബാ ഉള്‍ ഹക്ക് പിന്നിലേക്ക് ഉയർത്തിയടിച്ച പന്ത് കൃത്യമായി കൈകളിലൊതുക്കിയത് ശ്രീശാന്തായിരുന്നു. ഓസ്ട്രേലിയ്ക്കെതിരെയുള്ള സെമി-ഫൈനൽ മത്സരമായിരുന്നു ക്രിക്കറ്റ് ആരാധകർ ഫൈനലിനെക്കാൾ ഓർത്തിരിക്കുന്നത്. ഓപ്പണർമാരായ ആഡം ഗിൽക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡെന്റെയും വിക്കറ്റുകളെടുത്ത ശ്രീയുടെ ബോളിങ് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിൽ തന്നെയുണ്ടാകും. പിന്നീട് നടന്ന 2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഭാഗ്യശ്രീ തന്നെയായിരുന്നു ശ്രീശാന്ത്.
ഐപിഎൽ ഒത്തുകളി ആരോപണത്തെ തുടർന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തിയതോടെയാണ് ശ്രീശാന്തിന്റെ കരിയറിന് വിള്ളലേറ്റത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ തിരിച്ചെത്തിയ ശ്രീശാന്ത് വീണ്ടും കരിയറിൽ സജീവമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.