ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും മുഖ്യപങ്ക് വഹിച്ച താരം. മലയാളികൾക്ക് അഭിമാനമായി മാറിയ 'ശ്രീ' എന്ന എസ് ശ്രീശാന്ത്. ടീം ഇന്ത്യക്കായി പുറത്തെടുത്തിട്ടുള്ളത് നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങൾ. കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബോളര്‍മാരില്‍ ഒരാൾ തന്നെയാണ് ശ്രീശാന്ത്. ഇന്ത്യ ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും ലോകകപ്പ് നേടിയപ്പോള്‍ നീലപ്പടയിൽ കരുത്തുറ്റ പോരാളിയായിരുന്നു മലയാളികളുടെ ഭാഗ്യ'ശ്രീ'.
2007ലെ ടി20 ലോകകപ്പ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാന്‍റെ നായകന്‍ മിസ്‌ബാ ഉള്‍ ഹക്ക് പിന്നിലേക്ക് ഉയർത്തിയടിച്ച പന്ത് വിക്കറ്റായി മാറിയപ്പോൾ ഇന്ത്യാക്കാർ ഒന്നടങ്കം ആർത്തുവിളിച്ചു. ആ പന്ത് കൃത്യമായി കൈകളിലൊതുക്കിയത് ശ്രീശാന്തായിരുവെന്നറിഞ്ഞപ്പോൾ മലയാളികൾക്ക് അത് ഇരട്ടി മധുരമായിമാറി. ഫൈനലിനെക്കാൾ ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്നത് ഓസ്ട്രേലിയ്ക്കെതിരെയുള്ള സെമി-ഫൈനൽ മത്സരമായിരുന്നു. കംഗാരുക്കളുടെ ഓപ്പണർമാരായിരുന്ന ആഡം ഗിൽക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡെന്റെയും കുറ്റികൾ പറിച്ചെടുത്ത ശ്രീയുടെ ബോളിങ് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിൽ തന്നെയുണ്ടാകും.
ALSO READ : Sreesanth Retirement: ''കരിയറിലെ ഓരോ മുഹൂർത്തവും വിലപ്പെട്ടതായിരുന്നു''; വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്
പിന്നീട് നടന്ന 2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഭാഗ്യശ്രീ തന്നെയായിരുന്നു ശ്രീശാന്ത്. ശ്രീയ്ക്ക് ഇന്ത്യൻ ടീമിലേക്ക് ഇടം ലഭിക്കുന്നതും ഭാഗ്യം തുണച്ചതിലൂടെയാണ്. അന്ന് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന പേസറായിരുന്ന പ്രവീൺ കുമാർ പരിക്കേറ്റ് സ്ക്വാഡിൽ നിന്ന് പുറത്താകുമ്പോഴാണ് ശ്രീയ്ക്ക് ഭാഗ്യം തുണച്ചുകൊണ്ട് ഇന്ത്യയുടെ ലോകകപ്പിൽ ടീമിലേക്ക് ഇടം ലഭിക്കുന്നത്. ഭാഗ്യമുണ്ടായിരുന്നെങ്കിലും താരത്തിന്റെ പ്രകടനം അത്രകണ്ട നല്ലതായിരുന്നില്ല. ആദ്യ മത്സരത്തിലെ മോശം പ്രകടനം താരത്തിന് ഫൈനൽ വരെ ബഞ്ചിൽ തുടരേണ്ടി വന്നു. ഫൈനലിൽ വീണ്ടും ശ്രീയ്ക്ക് ഭാഗ്യം തുണച്ചു. ഇന്ത്യയുടെ പ്രധാന പേസർ ആശിഷ് നെഹറയ്ക്ക് പരിക്കേറ്റതോടെ എം.എസ് ധോണി പകരം പന്തറിയാൻ ശ്രീശാന്തിനെ ഏൽപിച്ചു. അവിടെയും ശ്രീ വേണ്ടത്ര പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഭാഗ്യശ്രീയുടെ സാന്നിധ്യം ഇന്ത്യക്ക് 17 വർഷത്തിന് ശേഷം ലോകകപ്പിൽ മുത്തമിടാൻ അവസരം ഒരുക്കി കൊടുത്തു എന്ന് തന്നെ പറയാം.
ഐപിഎൽ ഒത്തുകളി ആരോപണത്തില്‍ കുടുങ്ങിയ താരത്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയതോടെയാണ് ശ്രീശാന്തിന്റെ കരിയറിന് വിള്ളലേറ്റത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ തിരിച്ചെത്തിയ ശ്രീശാന്ത്, അടുത്തിടെ സജീവ ക്രിക്കറ്റിൽ മടങ്ങിയെത്തിയിരുന്നു. കരിയറിൽ വിവാദച്ചൂട് കൊടുമ്പിരികൊണ്ട കാലഘട്ടത്തിലും ക്രിക്കറ്റ് പരീശീലനം മുടക്കിയില്ല ഈ വലംകൈയ്യൻ പേസ് ബൗളർ.
പലപ്പോഴായി അവസരങ്ങൾ നിഷേധിക്കപ്പെട്ടെങ്കിലും വീര്യം ചോരാത്ത ഒരു പോരാളിയെ പോലെ ശ്രീശാന്ത് തന്റെ നേട്ടത്തായി വീറോടെ പടവെട്ടി. പക്ഷെ ശ്രീശാന്ത് ആഗ്രഹിച്ച ആ വിധി മാത്രം ഉണ്ടായില്ല.
ALSO READ ; IPL Auction 2022 | 'ഇതുകൊണ്ടൊന്നും തളരില്ല' താരലേലത്തിൽ നിരാശ പാട്ടും പാടി മറികടന്ന് ശ്രീശാന്ത്
ഇന്ത്യയ്‌ക്ക് വേണ്ടി 27 ടെസ്‌റ്റുകൾ കളിച്ച താരം 87 വിക്കറ്റുകൾ നേടി. 10 ട്വൻറി 20കളില്‍ ഏഴ് വിക്കറ്റുകളാണ് ശ്രീ നേടിയത്. 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റുകൾ പിഴുതെറിഞ്ഞു കളിക്കളത്തിലെ ഈ 'ദേഷ്യക്കാരൻ'. കങ്കാരുപ്പടയിലെ കരുത്തൻ ആൻഡ്രൂ സൈമണ്ട്സിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ശ്രീശാന്തിന്റെ ആഘോഷ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മൈതാനത്തിലെ ശ്രീശാന്തിന്റെ ചൂടൻ പെരുമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ അരങ്ങേറി.
അക്കാലത്ത് പേസ് കൊണ്ടും സ്വിംഗ് കൊണ്ടും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വിറപ്പിച്ച ശ്രീ 5 വിക്കറ്റ് നേട്ടത്തിലൂടെ ടീം ഇന്ത്യക്ക് സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയിലെ ആദ്യ ജയമായിരുന്നു. അന്ദ്രെ നീല്ലിന്റെ പ്രകോപനത്തിന് സിക്സറടിച്ച ശേഷം ബാറ്റുമായി പിച്ചിൽ നിന്ന് നൃത്തം ചെയ്ത ശ്രീയെ ക്രിക്കറ്റ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ച് ഇന്ത്യൻ വാലറ്റത്തിന്‍റെ വിക്കറ്റെടുക്കാനായിരുന്നു സൗത്താഫ്രിക്കൻ പേസറിന്റെ ലക്ഷ്യം. എന്നാൽ നെല്ലിന്റെ അടുത്ത പന്ത് സിക്സർ പറത്തിയായിരുന്നു ശ്രീശാന്ത് അന്ന് മറുപടി നൽകിയത്.
പുതുതലമുറയ്ക്ക് വഴിയൊരുക്കാൻ അപ്രതീക്ഷിതമായെടുത്ത ഈ പ്രഖ്യാപനം, ആ ക്രിക്കറ്റ് പ്രേമികൾക്കും മലയാളികൾക്കും അപ്രതീക്ഷിതമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.