തിരുവനന്തപുരം: ആവേശം വാനോളം നിറച്ച് ലോകകപ്പ് ഫുട്ബാൾ മുന്നേറുമ്പോൾ തലസ്ഥാനനഗരിക്ക് അഭിമാനമായി ഏരീസ് പ്ലെക്സ്. ഫുട്ബോൾ മാമാങ്കം മൂന്നാഴ്ച പിന്നിടുമ്പോൾ 
മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്യത്തെ മൾട്ടിപ്ലെക്സുകളിൽ ബുക്ക് മൈ ഷോയിലൂടെ തൊണ്ണൂറ്റിയേഴ് ശതമാനം റേറ്റിംഗ് നേടി ഒന്നാം സ്ഥാനത്താണ് ഏരീസ് പ്ലെക്സ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദർശനം ആരംഭിച്ച ദിവസം മുതൽ നിറഞ്ഞ സദസിലാണ് എല്ലാ മത്സരങ്ങളും ഏരീസിൽ  പ്രദർശിപ്പിക്കുന്നത്. ഫുട്ബോൾ ആരാധകരുടെ വൻ ഒഴുക്ക് കണക്കിലെടുത്ത് ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു. പത്തു ബില്യൺ യുഎസ് ഡോളറിന്‍റെ പദ്ധതിയായ ഇൻഡിവുഡാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.  


തലസ്ഥാനത്തെ മുൻനിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21 മത്തെ ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങൾ എല്ലാം ഡോൾബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവോടെ പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണാൻ അവസരമൊരുക്കുന്നത്.   


പുതിയ പരീക്ഷണം ആരാധകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും. ജനങ്ങൾക്ക് അന്താരാഷ്ട്രനിലവാരത്തിൽ കായിക മത്സരങ്ങൾ തീയേറ്ററിൽ ഇരുന്നു കുടുംബത്തോട് ഒപ്പം ആസ്വദിക്കാനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും. തീയേറ്റർ ടൂറിസം പോലെയുള്ള നൂതന വിപണന തന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്നും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്‍റെ ചെയർമാനും സിഇഓയുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.   


ബുക്ക് മൈ ഷോ, കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നതെന്ന് ഏരീസ് പ്ലെക്സിന്‍റെ മാനേജ്‌മെന്റ് വ്യക്തമാക്കി.