ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോക്കെതിരെ നേടിയ 2-0 ജയം അർജന്റീനയുടെ പ്രീ-ക്വാർട്ടർ സാധ്യത കൂട്ടിയിട്ടുണ്ട്. എങ്കിലും ഒന്നും ഉറപ്പിച്ച് പറയാനാവില്ല. ഗ്രൂപ്പിലെ നാല് ടീമുകൾക്കും പ്രീ ക്വാർട്ടറിൽ എത്താൻ ഇനിയും അവസരം ഉണ്ട്. അതേ പോലെ തന്നെ പുറത്താകുമെന്ന ആശങ്കയും .
നിലവിൽ 4 ടീമുകളും രണ്ട് കളികൾ പൂർത്തിയാക്കി .


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച പുലർച്ചെയാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ. അർജന്റീനയുടെ എതിരാളി ഇപ്പോൾ ഗ്രൂപ്പിൽ തോൽവി അറിയാതെ മുന്നിട്ട് നിൽക്കുന്ന പോളണ്ട്. ഒരു ജയവും ഒരു തോൽവിയുമായി മൂന്നാമതുള്ള സൗദി അറേബ്യ ഗ്രൂപ്പിൽ അവസാനമുള്ള മെക്സിക്കോയെ നേരിടും . ലീഡ് ചെയ്യുന്ന പോളണ്ടിനും രണ്ടും മൂന്നും സ്ഥാനത്തുള്ള അർജന്റീനക്കും സൗദിക്കും മാത്രമല്ല, അവസാനമുള്ള മെക്സിക്കോക്കും ഇനിയും സാധ്യതയുണ്ട്. അതിനാൽ അവസാന രണ്ട് കളികളും ജീവനന്മരണ പോരാട്ടങ്ങളാണ് . 


അർജന്റീനയുടെ പ്രീ ക്വാർട്ടർ സാധ്യത


 പോളണ്ടിനെതിരെ ജയിച്ചാൽ പ്രീ ക്വാർട്ടറിൽ അർജന്റീന ഉറപ്പായും എത്തും . മിക്കവാറും ഗ്രൂപ്പ് ചാമ്പ്യൻമാരുമാകാം . തോറ്റാൽ പുറത്തേക്കുള്ള വഴിയും ഉറപ്പാകും.  സമനില ആയാൽ ,അകത്തോ പുറത്തോ എന്നത് സൗദി-മെക്സിക്കോ മത്സരത്തെ ആശ്രയിച്ചിരിക്കും .


പോളണ്ട്-അർജന്റീന സമനില ആയാൽ


പോയിന്റ് തുല്യമാണെങ്കിലും നിലവിൽ മൂന്നാമതുള്ള സൗദിയേക്കാൾ ഗോൾ ശരാശരിയിൽ മുന്നിലാണ് അർജന്റീന. സൗദി 2 ഗോളടിച്ചപ്പോൾ മൂന്ന് ഗോൾ തിരികെ വാങ്ങി. അർജന്റീനയാകട്ടെ 3-2 എന്ന ശരാശരിയിൽ, അടിച്ച ഗോൾ ഒന്ന് കൂടുതലാണ് . അർജന്റീന പോളണ്ട് മത്സരം സമനില ആയാൽ പോളണ്ടിന് 5 പോയിന്റും അർജന്റീനയ്ക്ക് 4 പോയിന്റുമാകും . സൗദി മെക്സിക്കോയെ തോൽപ്പിച്ചാൽ പോളണ്ടിനൊപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരായി സൗദി പ്രീക്വാർട്ടറിൽ എത്തും . മെക്സിക്കോക്കൊപ്പം അർജന്റീന പുറത്താകും . മെക്സിക്കോ സൗദിയെ തോൽപ്പിച്ചാൽ, അർജന്റീയോട് സമനില പിടിച്ചാലും പോളണ്ട് പ്രീക്വാർട്ടർ ഉറപ്പിക്കും . എന്നാൽ അർജന്റീന,മെക്സിക്കോ ഇവരിൽ ആര് ക്വാളിഫൈ ചെയ്യുമെന്നത് ഗോൾ ശരാശരിയെ ആശ്രയിച്ചിരിക്കും .നാല് ടീമുകളിൽ ജയിച്ചാൽ പോലും പ്രീ ക്വാർട്റിൽ എത്തുമെന്ന് ഉറപ്പിച്ച് പറയാനാവാത്തത് മെക്സിക്കോയുടെ കാര്യം മാത്രമാണ് .രണ്ട് കളികളും സമനില ആയാൽ നിലവിലെ സ്ഥാനത്തിൽ മാറ്റമുണ്ടാകില്ല. അങ്ങിനെ വരുമ്പോൾ പോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായും അർജന്റീന രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിൽ എത്തും .


മറ്റ് സാധ്യതകൾ


പോളണ്ട് അർജന്റീനയെ തോൽപ്പിച്ചാൽ, സൗദിക്കെതിരെ വിജയം നേടിയാൽ മെക്സിക്കോ പ്രീ ക്വാർട്ടറിൽ എത്തും .എന്നാൽ അർജന്റീന ജയിച്ചാൽ, സൗദിയെ വലിയ ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചാലേ  പോളണ്ടിനെ തടയാൻ മെക്സിക്കോക്ക് കഴിയൂ.ചുരുക്കി പറഞ്ഞാൽ അവസാന മത്സരത്തിൽ ജയിച്ചാൽ അർജന്റീന, പോളണ്ട്,സൗദി എന്നിവർക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാം .
തോറ്റാൽ പോളണ്ടിന് മാത്രം സാധ്യത അവശേഷിക്കും .സമനില നേടിയാൽ പോലും പോളണ്ടിന് രണ്ടാം റൗണ്ട് ഉറപ്പാണ്. എന്നാൽ സമനില നേടിയാൽ പോലും അർജന്റീനക്ക് സാധ്യത ഉണ്ടെങ്കിലും പോരാട്ട വീര്യം നഷ്ടപ്പെടാത്ത ടീമുകളായതിനാൽ സൗദി-മെക്സിക്കോ മത്സരഫലം മെസിക്കും കൂട്ടർക്കും അനുകൂലമാകണമെന്നില്ല.


1990 ൽ ഒരു ജയവും ഒരു തോൽവിയും ഒരു  സമനിലയുമായി ഗ്രൂപ്പിൽ മൂന്നാമതായിട്ടും അർജന്റീന പ്രീ ക്വാർട്ടറിൽ കടക്കുകയും  അവിടെ നിന്ന് ഫൈനൽ വരെ എത്തുകയും ചെയ്തതാണ് . എന്നാൽ അന്ന് 6 ഗ്രൂപ്പുകളിലായി 24 ടീമുകൾ മാത്രം കളിച്ചതിനാൽ,  മൂന്നാം സ്ഥാനത്തുള്ള മികച്ച നാല് ടീമുകളിൽ ഒന്ന് എന്ന നിലയിൽ ആണ് അർജന്റീന മുന്നേറിയത്. എന്നാൽ ഇത്തവണ അങ്ങിനെ ഒരു ആനുകൂല്യം ഇല്ല.അതിനാൽ ജയം മാത്രമേ മുന്നോട്ടുള്ള വഴി ഉറപ്പിക്കൂ. അതല്ലെങ്കിൽ ഭാഗ്യത്തിനായി കാത്തിരിക്കണം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.