FIFA World Cup 2022: ഖത്തറിൽ ബ്രസീൽvs അർജന്റീന എപ്പോൾ? സെമിവരെ കണ്ടുമുട്ടൽ ഇല്ല ,സാധ്യതകൾ ഇങ്ങനെ
8 ഗ്രൂപ്പുകളിലുമായി ചിതറിക്കിടക്കുന്ന 32 ടീമുകളിൽ ആർക്ക് വേണമെങ്കിലും അട്ടിമറി നടത്താൻ ഇത്തവണ കെല്‍പ്പുണ്ട്
ഖത്തർ: ലോകകപ്പ് ഫുട്ബോളിൽ അര്‍ജന്റീനക്ക് ഏറ്റവും വലിയ എതിരാളി ആരായിരിക്കും .ആദ്യ മറുപടി ബ്രസീൽ .ബ്രസീലിനോ അര്‍ജന്റീന. ഫാൻസുകാരും ആവേശക്കമ്മറ്റിക്കാരും കൂടുതലുള്ളത് ഈ രണ്ട് ടീമിനുമായതിനാൽ സ്വാഭാവികമായും ഈ ഉത്തരം കിട്ടും . ടീമുകളുടെ ശക്തിയോ ടൂർണമെന്റിന്റെ മത്സരക്രമമോ വിലയിരുത്താതെയാണ് ഈ ഉത്തരം. പരസ്പരം ശക്തരായ എതിരാളികൾ ആയ ബ്രസീലും അര്‍ജന്റീനയും ഖത്തറിലെ കളിക്കളങ്ങളിൽ നേർക്കുനേർ വരുന്നത് എപ്പോഴായിരിക്കും .അതിനുള്ള സാധ്യതകൾ എന്തൊക്കെ .
ഗ്രൂപ്പ് ചാമ്പ്യൻമാരായാൽ
ലോകകപ്പിൽ ഒരു ടീമിനേയും എഴുതിത്തള്ളാനാകില്ല. 8 ഗ്രൂപ്പുകളിലുമായി ചിതറിക്കിടക്കുന്ന 32 ടീമുകളിൽ ആർക്കു വേണമെങ്കിലും അട്ടിമറി നടത്താൻ കെല്‍പ്പുണ്ട്. അതിനാൽ സാധ്യത മാത്രമേ പറയാനാകൂ. സി ഗ്രൂപ്പിൽ അർജന്റീന ജി ഗ്രൂപ്പിൽ ബ്രസീൽ. അര്‍ജന്റീനക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരാകാൻ മറികടക്കേണ്ടത് സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നിവരെ .ബ്രസീലിനാകട്ടെ സെർബിയ സ്വിറ്റ്സർലണ്ട്, കാമറൂൺ എന്നീ എതിരാളികൾ.ഡിസംബർ രണ്ടിന് ഗ്രൂപ്പ് മത്സരങ്ങൾ തീരുമ്പോൾ C ഗ്രൂപ്പിൽ അർജന്റീനയും G യിൽ ബ്രസീലും ഗ്രൂപ്പ് ജേതാക്കളായെന്ന് കരുതുക.
Also Read : 'ലോകകപ്പ് ചാമ്പ്യൻ ശാപം'; ഖത്തറിൽ ഫ്രാൻസ് മറികടക്കുമോ?
മുന്നോട്ടുള്ള മത്സരങ്ങൾ എങ്ങിനെയാവും .
പ്രീ ക്വാർട്ടറിൽ അർജന്റീനയ്ക്ക് നേരിടേണ്ടിവരിക , D ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ .അതായത് ഫ്രാൻസ്,ഓസ്ട്രേലിയ,ഡൻമാർക്ക്,ടുണീഷ്യ എന്നിവരിൽ ഒരാളെ . പ്രീ ക്വാർട്ടറിൽ അർജന്റീന ഫ്രാൻസ് നേർക്കുനേർ പോരാട്ട സാധ്യതയുണ്ടെങ്കിലും കൂടുതൽ സാധ്യത ഡെൻമാർക്ക് അര്‍ജന്റീന മത്സരത്തിന്.ബ്രസീലിന് എച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ എതിരാളിയായെത്തും . അതായത് പോർച്ചുഗലാകാനും സാധ്യത. അല്ലെങ്കിൽ ഘാന,ഉറുഗ്വേ,ദക്ഷിണകൊറിയ ഇവരിൽ ഒരാൾ.
ക്വാർട്ടറിലും ബ്രസീൽ അർജന്റീന മത്സരം ഉണ്ടാവില്ല. അര്‍ജന്റീനക്ക് ഹോളണ്ടോ ഇംഗ്ളണ്ടോ എതിരാളികളായി വന്നേക്കാം .ബ്രസീലിനാകട്ടെ സ്പെയിൻ,ബെൽജിയം,കൊയേഷ്യ, ജർമ്മനി ഇവരിൽ ഒരാളെ നേരിടേണ്ടിവരും .എന്നാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ എത്തി, ക്വാർട്ടറും കടന്ന് സെമിയിൽ എത്തിയാൽ അർജന്റീന,ബ്രസീൽ നേർക്ക്നേർ പോരാട്ടമായി.അതായത് ഗ്രൂപ്പ് ചാന്യൻമാരായാൽ ഒന്നാം സെമിഫൈനൽ അർജന്റീനയും ബ്രസീലും തമ്മിലായിരിക്കും
അർജന്റീന ഒന്നാമതും ബ്രസീൽ രണ്ടാമതും ആയാൽ
ഗ്രൂപ്പിൽ അർജൻറീന ഒന്നാമതായാൽ മുകളിൽ പറഞ്ഞപോലെയായിരിക്കും ടീമിന്റെ പ്രയാണം .എന്നാൽ ബ്രസീൽ രണ്ടാമതായാൽ എപ്പോഴാകും നേർക്കുനേർ മത്സരം.പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ഏറ്റുമുട്ടൽ ഉണ്ടാവില്ല.സെമിയിലും പരസ്പരമുള്ള പോരാട്ടം ഒഴിവാകും . രണ്ട് ടീമുകളും സെമി ജയിച്ചാൽ ഡിസംബർ 17ന് ആരാധകർ കാത്തിരിക്കുന്ന മത്സരം .
അർജൻറീന രണ്ടാമതും ബ്രസീൽ ഗ്രൂപ്പ് ജേതാവുമായാൽ
ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയേക്കാൾ മികവ് പുലർത്തുകയും മെസിയും കൂട്ടരും നിറം മങ്ങി, കഷ്ടിച്ച് കടന്നുകൂടുകയും ചെയ്താലും മാറ്റം ഉണ്ടാവില്ല. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിയിലും പരസ്പരം മത്സരിക്കേണ്ടി വരില്ല. അപ്പോഴും ഫൈനലിലായിരിക്കും ബ്രസീൽ അർജന്റീന പോരാട്ടം .
ALSO READ : മെസി മേഴ്സിയായതിന്റെ പിന്നിൽ ബ്ലാക് മെയിൽ തന്ത്രം; ഇപി ജയരാജൻ
രണ്ട് പേരും ഗ്രൂപ്പിൽ രണ്ടാമതായാൽ
ഏറ്റവുമധികം ആരാധകരുള്ള ബ്രസീലും അർജൻ്‍റീനയും ഗ്രൂപ്പിൽ നിറം മങ്ങി, രണ്ടാമതായാലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തമ്മിൽ കാണേണ്ടിവരില്ല. എന്നാൽ രണ്ടാം സെമിഫൈനൽ ബ്രസീൽ അർജന്റീന ആയിരിക്കും . അതായത് ഗ്രൂപ്പ് ജേതാക്കളോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായോ രണ്ട് ടീമുകളും പ്രീ ക്വാർട്ടറിൽ എത്തിയാൽ സെമിഫൈനലിലായിരിക്കും ബ്രസീൽ അർജന്റീന പോരാട്ടം . മറിച്ച് ഒരാൾ ഒന്നാമതും മറ്റൊരാൾ രണ്ടാമതും ആയാൽ പരസ്പരം കണ്ടുമുട്ടുക കലാശ പോരാട്ടത്തിലും .
നേർക്കുനേർ പോരാട്ടങ്ങൾ
ലോകകപ്പിൽ 4 തവണയാണ് ബ്രസീൽ അർജന്റീന മത്സരം കാണാനായിട്ടുള്ളത്. ഇതിൽ ഒന്ന് മാത്രമായിരുന്നു നോക്കൗട്ട് പോരാട്ടം .1974ൽ രണ്ടാം റൗണ്ടിൽ ഒരേ ഗ്രൂപ്പിലെ മത്സരത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളിന് അർജനന്റീനയെ തോൽപ്പിച്ചു.അടുത്ത ലോകകപ്പിലും നേർക്കുനേർ പോരാട്ടം .അർജന്റീന ജേതാക്കളായ ലോകകപ്പിൽ ഇരുവരും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ബാറ്റിൽ ഓഫ് റൊസാരിയോ എന്നറിയപ്പെട്ട മത്സരത്തിൽ ആ സമനില പിന്നീട് ബ്രസീലിന് പുറത്തേക്കുള്ള വാതിലായി.
അർജന്റീനയാകട്ടെ പെറുവിനെ വൻ മാർജിനിൽ തോൽപ്പിച്ച് ഫൈനലിലെത്തി. ബ്രസീലിനെ പുറത്താക്കാൻ പെറു മനപൂർവ്വം വലിയ മാർജിന് തോറ്റുകൊടുത്തു എന്ന വിവാദവുമുണ്ടായി.1982 ൽ മരണഗ്രൂപ്പിൽപ്പെട്ട ബ്രസീലിനും അർജന്റീനക്കും ഇറ്റലിക്കൊപ്പം നോക്കൗട്ടിലെത്താൻ ജയം അനിവാര്യമായിരുന്നു . ഇറ്റലിയോട് തോറ്റ അർജന്റീനക്കായിരുന്നു സമ്മർദ്ദം കൂടുതൽ .എന്നാൽ വലിയ ചെറുത്തുനിൽപ്പ് ഇല്ലാതെ തന്നെ ബ്രസീലിന് മുന്നിൽ 3-1 ന് നിലവിലെ ജേതാക്കൾ വീണു.ബാറ്റിസ്റ്റയെ ഫൗൾ ചെയ്തതിന് മറഡോണയ്ക്ക് ചുവപ്പുകാർഡും കിട്ടി.
1990 ൽ കഷ്ടിച്ച് പ്രീക്വാർട്ടറിൽ എത്തിയ മറഡോണയ്ക്കും സംഘത്തിനും എതിരാളിയായി കിട്ടിയത് ബ്രസീൽ . പരുക്കൻ മത്സരത്തിൽ മറഡോണയുടെ അളന്നുമുറിച്ച പാസിൽ ക്ളോഡിയ കനീജിയ നിറയൊഴിച്ചത് ബ്രസീൽ ആരാധകരുടെ ചങ്കിലായിരുന്നു.അതിന് ശേഷം 7 ലോകകപ്പിലും നേർക്കുനേർ പോരാട്ടത്തിന് ആരാധകർ കാത്തിരുന്നെങ്കിലും അവസരം ഉണ്ടായില്ല.ഇത്തവണം രണ്ട് ഫേവറിറ്റ് ടീമുകൾ എന്ന നിലയിൽ ലോകം കാത്തിരിക്കുന്നു .ബ്രസീൽ അർജന്റീന സെമിഫൈനൽ പോരാട്ടത്തിന് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...