FIFA World Cup 2022: ഖത്തർ ലോകകപ്പ് സിറ്റിക്ക് സമീപമുള്ള ഫാൻ വില്ലേജിൽ വൻ തീപിടിത്തം; ആളപായമില്ല
FIFA World Cup 2022 Massive Fire : ലോകകപ്പിന്റെ ഭാഗമായി നിർമ്മിച്ച പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഖത്തറിലെ ലോകകപ്പ് നഗരമായ ലുസൈലിൽ വൻ തീപിടിത്തം. റിപ്പോർട്ടുകൾ അനുസരിച്ച് ആളപായം ഇല്ല. അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ലോകകപ്പിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ലുസൈൽ നഗരത്തിന്റെ ഭാഗമായ ഖെതൈഫാൻ ദ്വീപിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ നിന്ന് ആകെ മൂന്നര കിലോമീറ്റർ ദൂരം മാത്രമാണ് തീപിടിത്തം ഉണ്ടായ ഖെതൈഫാൻ ദ്വീപിലേക്ക് ഉള്ളത്.
കൂടാതെ ദോഹ മാർക്കെറ്റിൽ നിന്നും തീ പിടിത്തം ഉണ്ടായ സ്ഥലത്ത് നിന്നുള്ള തീയും പുകയും കാണാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വളരെയധികം തിരക്കുള്ള പ്രദേശമായിരിന്നിട്ടും ആർക്കും പരിക്കേറ്റിട്ടില്ല. ലോകകപ്പിനായി ഖത്തർ ദശലക്ഷങ്ങൾ ചെലവഴിച്ച് സൗകര്യങ്ങൾ ഒരുക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും പ്രശ്‍നങ്ങൾ ഉണ്ടെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ തീപിടിത്തത്തിന്റെ വാർത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം ഖത്തർ ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്ക് നിർണായക വിജയം.അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയ, മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയച്ചു. ഇരുപത്തിനാലാം മിനിറ്റില്‍ തകർപ്പൻ ഹെഡർ ഗോളിലൂടെ മിച്ചൽ ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്. ഇടത് വിങ്ങിലൂടെയുള്ള ഓസ്‌ട്രേലിയന്‍ ആക്രമണത്തിനൊടുവില്‍ പന്ത് വലയിലെത്തിക്കാന്‍ പാകത്തിന് മിഡ്ഫീൽഡർ ക്രൈയ്ഗ് ഗുഡ്വിന്റെ കാലിലെത്തി. ഇടതുവശത്ത് നിന്നും ലഭിച്ച ക്രോസ് ഗുഡ്വിന്‍ ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും, ടുണീഷ്യന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി മിച്ചൽ ഡ്യൂക്കിലേക്കെത്തി. അവസരം മുതലാക്കിയ ഡ്യൂക്ക് ഹെഡ്ഡറിലൂടെ അത് ഗോളാക്കി മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...