Argentina: ഇത് അയാളുടെ കാലമല്ലേ...! ഫിഫ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജൻറീന ഒന്നാമത്
FIFA World Rankings: 2017 മാർച്ചിന് ശേഷം ഇതാദ്യമായാണ് അർജൻറീന ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ലോക ചാമ്പ്യൻമാരായ അർജൻറീന. ലോകകപ്പ് വിജയത്തിന് പിന്നാലെ പനാമ (2-0), കുറസാവോ (7-0) എന്നീ രാജ്യങ്ങൾക്ക് എതിരെ നടന്ന സൌഹൃദ മത്സരങ്ങളിലും അർജൻറീന വിജയിച്ചിരുന്നു. ഇതോടെയാണ് ഫിഫ റാങ്കിംൽ അർജൻറീന ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു കയറിയത്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അർജൻറീന ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. 2017 മാർച്ചിലാണ് അവസാനമായി നീലപ്പട ഒന്നാം സ്ഥാനം നേടിയത്. അതേസമയം, ലോകകപ്പിന് ശേഷം മൊറോക്കോയ്ക്ക് എതിരെ നടന്ന സൌഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രസീലിന് ഒന്നാം സ്ഥാനം നഷ്ടമായെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ALSO READ: ആദ്യ ജയം തേടി കൊൽക്കത്ത, വിജയത്തുടർച്ച ലക്ഷ്യമിട്ട് ബെംഗളൂരു; ഈഡനിൽ ഇന്ന് ആവേശപ്പോര്
ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ കളത്തിലിറങ്ങിയ നെതർലൻഡ്സിനെ എതിരില്ലാത്ത 4 ഗോളുകൾക്കും അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്ത് എത്തി. ഫിഫയുടെ ടോപ് 10 റാങ്കിംഗിൽ കാര്യമായി മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ടീം റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കാണ്. റാങ്കിംഗിൽ 30 സ്ഥാനങ്ങൾ മുന്നിലായിരുന്ന മഡഗാസ്കറിനെതിരെ രണ്ട് മികച്ച വിജയങ്ങൾ സ്വന്തമാക്കിയതോടെ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് 122-ാം സ്ഥാനത്തെത്തി.
7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ നമീബിയ 106-ാം സ്ഥാനത്തും 7 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ മലേഷ്യ 138-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്. അതേസമയം, ത്രിരാഷ്ട്ര സീരിസിലെ മിന്നും പ്രകടനത്തിൻറെ കരുത്തിൽ ഇന്ത്യയും ഫിഫ റാങ്കിംഗിൽ നേട്ടമുണ്ടായക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 106-ാം സ്ഥാനത്തായിരുന്ന സുനിൽ ഛേത്രിയും സംഘവും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ 101-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...