ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് (Dean Jones) അന്തരിച്ചു
ഓസ്‌ട്രേലിയയുടെ മുന്‍ വിഖ്യാത ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് (Dean Jones) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
Mumbai: ഓസ്‌ട്രേലിയയുടെ മുന്‍ വിഖ്യാത ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് (Dean Jones) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
59 കാരനായ ഡീന്‍ ജോണ്‍സ് ഐപിഎല്‍ (IPL) കമന്ററ്ററായി മുംബൈയില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ അന്ത്യം. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്‍റെ കമന്ററി സംഘത്തിലെ അംഗമായിരുന്നു ജോണ്‍സ്. ഐപിഎല്‍ മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റ് ലൈസന്‍സ് ഉള്ള സ്റ്റാര്‍ ഇന്ത്യയുടെ മുംബൈയിലെ സ്റ്റുഡിയോയില്‍നിന്ന് കമന്ററി നല്‍കാനാണ് ഡീന്‍ ജോണ്‍സ് ഇന്ത്യയില്‍ എത്തിയത്.
രാവിലെ പതിനൊന്നുമണിയോടെ ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗിന്‍റെ ബ്രിഫിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ ബ്രറ്റ്‌ലിയും മറ്റൊരു കമന്ററ്ററായ നിഖില്‍ ചോപ്രയ്ക്കും ഒപ്പം ഡീന്‍ ജോണ്‍സ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നു. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.
കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും കളി വിശകലനം ചെയ്തും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു ജോണ്‍സ്. എന്‍ഡിടിവിയില്‍ പ്രൊഫ് ഡീനോയെന്ന ഒരു പരിപാടിയിലൂടെ വളരെ സുപരിചിതനായിരുന്നു അദ്ദേഹം.
Also read: IPL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി
മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 164 ഏകദിനങ്ങളില്‍നിന്നായി 6068 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴ് സെഞ്ച്വറികളുമുണ്ടായിരുന്നു.