Hero Super Cup 2023 : കടം സൂപ്പർ കപ്പിൽ തീർക്കാം; ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരേ ഗ്രൂപ്പിൽ; കേരളം ആതിഥേയത്വം വഹിക്കും
Hero Super Cup 2023 Fixtures : നാല് ഗ്രൂപ്പുകളിലായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. മഞ്ചേരിയിലും, കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലുമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക
ഹിറോ സൂപ്പർ കപ്പ് 2023 ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ടു. കേരളമാണ് ഇത്തവണത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി മത്സരത്തിനായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം വേദിയാകും. ബ്ലാസ്റ്റേഴ്സും ബിഎഫ്സിയും ഒരേ ഗ്രൂപ്പിൽ. ഇഎംഎസ് സ്റ്റേഡിയത്തിന് പുറമെ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ടൂർണമെന്റിന് വേദിയാകും. ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഏപ്രിൽ 25ന് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ഗ്രൂപ്പ് എയിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരുമിച്ചെത്തിയിരിക്കുന്നത്. ഏപ്രിൽ 16നാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി മത്സരം. ഇരു ടീമുകൾക്ക് പുറമെ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയും ഗ്രൂപ്പ് എയിൽ ഇടം നേടി. ക്വാളിഫയർ ജയിച്ചെത്തുന്ന ഐ-ലീഗ് ക്ലബാകും ഗ്രൂപ്പിലെ മറ്റൊരു എതിരാളി. ഐ ലീഗ് ജേതാവായ പഞ്ചാബ് എഫ് സി മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. ബാക്കി ഐ-ലീഗ് ക്വാളിഫയർ മത്സരത്തിലൂടെയാണ് ഓരോ ഗ്രൂപ്പുകളിലും ഇടം നേടുക. ഐ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ് സിക്ക് ഏപ്രിൽ അഞ്ചിനാണ് യോഗ്യത മത്സരം. ലീഗിലെ എട്ടാം സ്ഥാനക്കാരായ ഐസോൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളി. ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗോകുലത്തിന്റെ യോഗ്യത മത്സരം.
നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി ഗ്രൂപ്പ് ബിയിലും എടികെ മോഹൻ ബഗാനും എഫ് സി ഗോവയും ഗ്രൂപ്പ് സിയിലുമാണ് ഇടം നേടിയിരിക്കുന്നത്. ഐഎസ്എൽ 2022-23 സീസണിന്റെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സി ചെന്നൈയിൻ എഫ് സി, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിൽ നിന്നും മത്സരിക്കും.
തുടർന്ന് ഏപ്രിൽ 21ന് സെമി ഫൈനൽ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലേക്ക് ഇടം നേടുക. ഒറ്റപാദത്തിലാണ് നോക്ക്ഔട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശേഷം ഏപ്രിൽ 25ന് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റിന്റെ ഫൈനൽ സംഘടിപ്പിക്കും.
അതേസമയം ഐഎസ്എല്ലിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയുടെ ഒന്നാംപാദത്തിൽ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സി ബെംഗളൂരു എഫ്സിയെ നേരിടും. മുംബൈയുടെ തട്ടകത്തിൽ വെച്ചാണ് ആദ്യപാദ സെമി. മാർച്ച് ഒമ്പതിനാണ് ഹൈദരാബാദും എടികെ മോഹൻ ബഗാനും തമ്മിലുള്ള ആദ്യപാദ സെമി.
അതേസമയം ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടി ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും ലഭിക്കും സൂചന. പിഴ ഈടാക്കി ബ്ലാസ്റ്റേഴ്സിന് താക്കീത് നൽകാനാകും അഖിലേന്ത്യൻ ഫുട്ബോൾ ഫെഡറേഷനും തീരുമാനം എടുക്കാൻ സാധ്യത. എന്നാൽ ഐഎസ്എല്ലിലെ മോശം റഫറിങ്ങിനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി എഐഎഫ്എഫ് തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...