ഹിമ ദാസിന്‍റെ സ്വര്‍ണ നേട്ടം പുതു യുഗത്തിന്റെ തുടക്കമാണെന്ന് സച്ചിന്‍
ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസിന് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.
ന്യൂഡല്‍ഹി: ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസിന് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍.
ഹിമ ദാസിന്‍റെ സ്വര്‍ണനേട്ടം പുതു യുഗത്തിന്റെ തുടക്കമാണെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഹിമക്ക് പിറകെ ഒരുപാട് പേര്‍ ഇനിയും ഇന്ത്യന്‍ അത്ലറ്റിക്സിലേക്ക് കടന്ന് വരും. ഹിമയുടെ 51.46 സെക്കന്‍ഡ് ഓട്ടത്തിന് വര്‍ഷങ്ങളുടെ കഠിനാധ്വാനമുണ്ടെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
അവിശ്വസനീയമായ നേട്ടമാണ് ഹിമ സ്വന്തമാക്കിയതെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രതികരിച്ചു.
ഹിമയുടെ നേട്ടത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു ഹിറ്റ്മാന് രോഹിതിന്റെ ട്വീറ്റ്. ഹിമ ദാസ് മെഡല്‍ മാത്രമല്ല പ്രതീക്ഷയും കൂടിയാണ് നമുക്ക് നല്‍കിയതെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
ട്രാക്കുകളെ തന്റെ കാല്‍പാദങ്ങള്‍ കൊണ്ട് തീപിടിപ്പിക്കുക മാത്രമല്ല രാജ്യത്തിന് മാതൃക കാണിക്കുക കൂടിയാണ് ഹിമ ചെയ്തതെന്നായിരുന്നു ഗംഭീറിന്റെ ട്വിറ്റ്. ഹിമദാസിന്റെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ച് ബി.സി.സി.ഐയും രംഗത്തെത്തിയിരുന്നു.
ഇന്ത്യ ഒന്നാകെ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഹിമ പ്രതികരിച്ചു. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ സ്വർണം നേടാനായതിൽ അതിയായ സന്തോഷം. ഇന്ത്യയിലിരുന്നും വേദിയിലെത്തിയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം പിന്തുണ വളരെയധികം പ്രചോദനമാണ് – ഹിമ പറഞ്ഞു.
400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്. റുമാനിയയുടെ ആൻഡ്രിയ മികോസ് (52.07 സെക്കൻഡ്) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ (52.28) വെങ്കലവും നേടി. 51.13 ആണ് ഹിമ ദാസിന്‍റെ മികച്ച സമയം.