ഒരുകാലത്ത് പാകിസ്താന്റെ ഏറ്റവും അടുത്ത മിത്രം ആയിരുന്നു അമേരിക്ക. എന്തിനും ഏതിനും സഹായഹസ്തവുമായി അമേരിക്ക ഓടിയെത്തുമായിരുന്നു. എന്നാല്‍, പാകിസ്താനും ചൈനയും തമ്മിലുള്ള ഇടപാടുകള്‍ തുടങ്ങിയതോടെ അമേരിക്ക, പാകിസ്താനുമായുള്ള സൗഹൃദം വിട്ടു. ഇപ്പോഴിതാ, കന്നി ലോകകപ്പിനിറങ്ങിയ അമേരിക്ക മുന്‍ ലോകകപ്പ് ജേതാക്കളായ പാകിസ്താനെ അട്ടിമറിച്ചിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റിലാണ് കളിപ്രേമികളെ ആകെ അമ്പരപ്പിക്കും വിധം അമേരിക്ക ജയിച്ചുകയറിയിരിക്കുന്നത്. സൂപ്പര്‍ ഓവറില്‍ ആയിരുന്നു പാകിസ്താന്റെ തോല്‍വി. അതിന്റെ ഞെട്ടലില്‍ നിന്ന് പാകിസ്താന്‍ ടീമോ പാകിസ്താന്‍ ആരാധകരോ ഉടനെയൊന്നും മുക്തരാകും എന്ന് തോന്നുന്നില്ല. അമേരിക്കയുടെ വിജയ ശില്‍പികള്‍ ഇന്ത്യന്‍ വംശജര്‍ ആണെന്നതും പാകിസ്താന് വലിയ പ്രശ്‌നമാണ്.


ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസം, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി തുടങ്ങിയവരാണ് പാക് ബാറ്റിങ്ങിന്റെ നെടുംതൂണ്‍ ആയത്. ബാബര്‍ അസം 44 റണ്‍സ് എടുത്താണ് പുറത്തായത്. എന്നാല്‍ ഈ 44 റണ്‍സ് എടുക്കാന്‍ 43 പന്തുകള്‍ ഉപയോഗിക്കേണ്ടിവന്നു. ഷദാബ് ഖാന്‍ 25 പന്തില്‍ 40 റണ്‍സെടുത്തു. ഷഹീന്‍ അഫ്രീദി 16 ബോളില്‍ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്. ഇന്ത്യന്‍ വംശജനും അമേരിക്കന്‍ ക്യാപ്റ്റനും ആയ മോനങ്ക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായി. ആന്‍ഡ്രീസ് ഗൗസ് 35 റണ്‍സെടുത്തു. 36 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സും 14 റണ്‍സെടുത്ത നിതീഷ് കുമാറും പുറത്താകാതെ നിന്നു. അവസാന പന്തില്‍ അമേരിക്കയ്ക്ക് ജയിക്കാന്‍ 5 റമ്#സ് ആയിരുന്നു വേണ്ടിയിരുന്നത്. നിതീഷ് കുമാര്‍ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.


സൂപ്പര്‍ ഓവറില്‍ ഫസ്റ്റ് ബാറ്റിങ് അമേരിക്കയ്ക്കായിരുന്നു. 18 റണ്‍സാണ് ഇവര്‍ നേടിയത്. രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്താന്‍ പക്ഷേ, 13 റണ്‍സില്‍ കീഴടങ്ങി. ഇന്ത്യന്‍ വംശജനായ സൗരഭ് നേതാവല്‍ക്കര്‍ ആയിരുന്നു സൂപ്പര്‍ ഓവറില്‍ പാകിസ്താനെ എറിഞ്ഞിട്ടത്. ഇന്ത്യന്‍ വംശജരായ മൂന്ന് ബൗളര്‍മാരാണ് അമേരിക്കന്‍ ടീമില്‍ ഉണ്ടായിരുന്നത്. സൗരഭിനെ കൂടാതെ ഹര്‍മീത് സിങും ജസ്ദീപ് സിങും പന്തെറിഞ്ഞു. സൗരഭ് നാല് ഓവറില്‍ വെറും 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ജസ്ദീപ് സിങും ഒരു വിക്കറ്റ് നേടി.


അമേരിക്കന്‍ ക്യാപ്റ്റനും ഇന്ത്യന്‍ വംശജനും ആയ മോനങ്ക് പട്ടേല്‍ ആണ് കളിയിലെ താരം. ഇത് ടി20 ലോകകപ്പിലെ അമേരിക്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം ആണ്. ആദ്യമത്സരത്തില്‍ കാനഡയെ ആയിരുന്നു അവര്‍ പരാജയപ്പെടുത്തിയത്. ഇന്ത്യ കൂടി ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ ഇപ്പോള്‍ 4 പോയന്റോടെ ആമേരിക്ക ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


ഇതോടെ സൂപ്പര്‍ 8 എന്ന പാകിസ്താന്‍ സ്വപ്‌നം തുലാസിലായിരിക്കുകയാണ്. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ പരാജയപ്പെടുകയും അയര്‍ലണ്ടിനെതിരെ അമേരിക്ക വിജയിക്കുകയും ചെയ്താല്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തുന്ന ടീം അമേരിക്ക ആകും. ആദ്യ ലോകകപ്പില്‍ തന്നെ സൂപ്പര്‍ എട്ടില്‍ എത്താനായാല്‍ അത് അമേരിക്കയ്ക്ക് വലിയ ആവേശം നല്‍കുമെന്ന് ഉറപ്പാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.