കങ്കാരുപ്പടയെ വിരട്ടിയോടിച്ച് ഇന്ത്യ; 36 റണ്‍സ് വിജയം
തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
ഓവല്‍: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിജ്വലിച്ച് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യനിശ്ചചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ആദ്യ വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ്മ (57) പുറത്തായത്. മികച്ച ഫോമില്‍ കളിച്ച ധവാന്‍ 109 പന്തില്‍ 16 ബൗണ്ടറികളടക്കം 117 റണ്‍സ് നേടി.
നായകനായ വിരാട് കോഹ്‌ലി 82 റണ്‍സ് നേടിയപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 4 ബൗണ്ടറിയും 3 സിക്‌സറുകളുമടക്കം 48 റണ്‍സാണ് നേടിയത്. പാണ്ഡ്യക്ക് പിന്നാലെ ക്രീസിലെത്തിയ മഹേന്ദ്ര സിംഗ് ധോണി 14 പന്തില്‍ 27 റണ്‍സെടുത്തു.
ഓസ്‌ട്രേലിയക്കു വേണ്ടി മാര്‍ക്കസ് സ്‌റ്റോയിനിസ് രണ്ടും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോട്ടര്‍നൈല്‍, എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടേതിന് സമാനമായ തുടക്കമായിരുന്നു ഓസ്‌ട്രേലിയയുടേതും. സാവധാനം കളി മുന്നോട്ടു കൊണ്ടുപോയ വാര്‍ണര്‍-ഫിഞ്ച് സഖ്യം ഒന്നാം വിക്കറ്റില്‍ 61 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കി.
വാര്‍ണര്‍ 84 പന്തുകളില്‍ 56 റണ്‍സും സ്റ്റീവ് സ്മിത് 69 റണ്‍സും നേടി. സ്മിത്താണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. 14 പന്തില്‍ 28 റണ്‍സ് നേടിയ മാക്‌സ്‌വെല്ലിനെ ചഹലിന്‍റെ പന്തില്‍ മനോഹരമായ ക്യാച്ചിലൂടെ പകരക്കാരനായിറങ്ങിയ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. അവസാനം വരെ പൊരുതിയ അലക്‌സ് കാരി 55 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 352 റണ്‍സെടുത്തത്. ബാറ്റെടുത്തവരെല്ലാം അക്ഷരാര്‍ഥത്തില്‍ തിളങ്ങിയെന്നുതന്നെ പറയാം. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും 3 വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹല്‍ 10 ഓവറില്‍ 62 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.
തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.