ഇളം നീലിമ ചാലിച്ച ജഴ്സിയണിഞ്ഞ ഫുട്ബോൾ മിശിഹ ലിയോണൽ മെസ്സി. കാനറി പക്ഷിയുടെ മഞ്ഞയിൽ മജീഷ്യൻ നെയ്മാർ ഡി സാന്‍റോസ്. ഗ്രൗണ്ടിൽ മുഖാമുഖം സൂപ്പർതാരങ്ങൾ. കാൽപന്ത് കളി ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ഏറ്റവും സുന്ദര മുഹൂർത്തം. അർജന്റീന– ബ്രസീൽ പോരാട്ടം! സൗഹൃദ മത്സരമാണെങ്കിൽപ്പോലും ആരാധകരുടെ സകല നിയന്ത്രണവും തെറ്റുന്നതാണു ഈ ക്ലാസിക് പോരാട്ടം. ലോകകപ്പിൽ 32 വർഷത്തിനു ശേഷം ബ്രസീലും അർജന്റീനയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം, നോക്കൗട്ട് മത്സരങ്ങളിലെ ഫലങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നത് പോലെ വന്നാൽ ഫൈനലിന് മുൻപൊരു സ്വപ്ന സെമിഫൈനലിനാണ് ഖത്തർ ലോകകപ്പിൽ സംഭവിക്കാൻ പോകുന്നത്. ചിരവൈരികളായ അർജന്റീനയും ബ്രസീലും സെമിഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യതകൾ എന്തോക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വാർട്ടർ കടുകട്ടി


ഡിസംബർ 9 ന് നടക്കുന്ന ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ 2018 ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ബ്രസീലും ഏറ്റുമുട്ടും.എഷ്യൻ കരുത്തുമായി എത്തിയ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ക്രോയേഷ്യ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്.ഡൊമിനിക് ലിവകോവിച്ച് എന്ന സൂപ്പർമാൻ ഗോളി ഗോൾവലയ്ക്കു മുന്നിൽ  പുറത്തെടുത്ത അതിമാനുഷിക പ്രകടനത്തിന്റെ ചിറകിലേറി അവർ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തിയത്.ഒപ്പം നായകൻ ലൂക്ക മോഡ്രിച്ചിലും,സ്ട്രൈക്കർ ഇവാൻ പെരിസിച്ചിലുമാണ് ക്രോയേഷ്യയുടെ പ്രതീക്ഷ.അതേ സമയം സ്റ്റേഡിയം 974ൽ  ദക്ഷിണ കൊറിയയ്ക്കെതിരായ അനായാസ വിജയത്തോടെ ബ്രസീൽ ക്വാർട്ടറിൽ എത്തിയത്. ഖത്തർ ലോകകപ്പിൽ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. വിനീഷ്യസ് ജൂനിയർ, നെയ്മാർ , റിച്ചാർലിസൻ, ലൂക്കാസ് പക്വേറ്റ എന്നിവരാണ് കാനറികൾക്കായി ലക്ഷ്യം കണ്ടത്.


ഡിസംബർ 10ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ശക്തരായ നെതർലൻഡ്സിനെ നേരിടും.തന്ത്രശാലിയായ പരിശീലകൻ ലൂയി വാൻ ഗാലിന് കീഴിൽ മികച്ച ഫോമിൽ കളിക്കുന്ന ഓറഞ്ചുപടയെ കീഴടക്കാൻ മെസ്സിയും സംഘവും വിയർക്കും. ഈ രണ്ടു ക്വാർട്ടർ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ മുഖാമുഖമെത്തും. അപ്രതീക്ഷിത ട്വിസ്റ്റ് ഒന്നും സംഭവിച്ചില്ല എങ്കിൽ ഡിസംബർ 14ന് ഇന്ത്യൻ സമയം രാത്രി 12.30ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന– ബ്രസീൽ ആവേശപ്പോരാട്ടത്തിന് കിക്കോഫാകും.


അർജന്റീന– ബ്രസീൽ സ്വപ്ന സെമി ഫൈനലിന് ഒപ്പം ഡിസംബർ 11ന് മറ്റൊരു തീപാറുന്ന ക്വാർ‌ട്ടർ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഏറ്റുമുട്ടും.അതോടൊപ്പം സ്പെയിൻ – പോർച്ചുഗൽ സൂപ്പര്‍ ക്വാർ‌ട്ടർ ഫൈനൽ പോരാട്ടത്തിനും സാധ്യതകൾ ഏറെയാണ്. സ്പെയിൻ – മൊറോക്കോ, പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ മത്സര ജേതാക്കൾ ഡിസംബർ 10ന് ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഇതിലെ വിജയികളും ഇംഗ്ലണ്ട് – ഫ്രാൻസ് മത്സരവിജയികളും തമ്മിലാണ് രണ്ടാം സെമിഫൈനൽ. 


ലോകകപ്പ് ചരിത്രം നോക്കുകയാണെങ്കിൽ ഇതുവരെ നാലു തവണയാണ് അർജന്റീനയും ബ്രസീലും നേർക്കുനേർ എത്തിയിട്ടുള്ളത്. 1974, 1978, 1982, 1990 ലോകകപ്പുകളിലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ രണ്ടു തവണ ബ്രസീലും ഒരു തവണ അർജന്റീനയും വിജയിച്ചു. ഒരു മത്സരം ബലാബലം സമനിലയിൽ കലാശിച്ചു.നീണ്ട 32 വർഷത്തിന് ശേഷം വീണ്ടുമൊരു അർജന്റീന– ബ്രസീൽ പോരാട്ടത്തിന് സാധ്യത തെളിയുകയാണ്.എന്നാൽ അർജന്റീന, ബ്രസീൽ കലാശപോരാട്ടത്തിന് ആരാധകർക്ക് ഇത് ചെറിയൊരു നിരാശകൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ