IND vs SA: പിറന്നാൾ ദിനത്തിൽ ചരിത്രം കുറിച്ച് കോഹ്ലി, സെഞ്ച്വറിയിൽ സച്ചിനൊപ്പം; ഇന്ത്യയ്ക്ക് മികച്ച സ്കോർ
Ind vs Sa ODI WC 2023: 121 പന്തുകൾ നേരിട്ട കോഹ്ലി 101 റൺസുമായി പുറത്താകാതെ നിന്നു.
കൊൽക്കത്ത: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ഓപ്പണർമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 5.5 ഓവറിൽ ടീം സ്‌കോർ 62ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. പതിവ് ശൈലിയിൽ ആക്രമിച്ച് കളിച്ച രോഹിത് 24 പന്തിൽ 40 റൺസ് നേടി. ഗിൽ 23 റൺസ് നേടി പുറത്താകുമ്പോൾ ഇന്ത്യ 93 റൺസിൽ എത്തിയിരുന്നു.
ALSO READ: ഏകദിന ലോകകപ്പിലെ ചെണ്ട; ഹാരിസ് റൗഫിന് നാണക്കേടിന്റെ റെക്കോര്‍ഡ്
മൂന്നാമനായി ക്രീസിലെത്തിയ ബർത്ത് ഡേ ബോയ് വിരാട് കോഹ്ലി മികച്ച ഫോമിലായിരുന്നു. ശ്രേയസ് അയ്യരും മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്‌കോർ ഉയർന്നു. 134 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ശ്രേയസ് അയ്യർ 87 പന്തിൽ 77 റൺസ് നേടി. 49-ാം ഓവറിൽ ആരാധകർക്ക് പിറന്നാൾ സമ്മാനം നൽകി വിരാട് കോഹ്ലി ചരിത്രം കുറിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് കോഹ്ലി സെഞ്ച്വറി തികച്ചു.
ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്താൻ കോഹ്ലിയ്ക്ക് സാധിച്ചു. ഏകദിനത്തിൽ 49-ാം സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. 121 പന്തുകൾ നേരിട്ട കോഹ്ലി 10 ബൗണ്ടറികളുടെ അകമ്പടിയോടെ 101 റൺസുമായി പുറത്താകാതെ നിന്നു. അവസാന നിമിഷം ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 15 പന്തിൽ 29 റൺസ് നേടിയതോടെ ടീം സ്‌കോർ കുതിച്ചുയരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.