India vs West Indies : സാധാരണ മഴ മൂലം മത്സരം വൈകുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ താരങ്ങളുടെ ജേഴ്സിയും കിറ്റും മറ്റും എത്താൻ വൈകിയത് കൊണ്ട് മത്സരം താമസിച്ച കാഴ്ചയാണ് ഇന്നലെ ഓഗസ്റ്റ് ഒന്നിന് ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി20 മത്സരത്തിന് മുന്നോടിയായി കേൾക്കാൻ ഇടയായത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ട മത്സരം രാത്രി വൈകി 11 മണിക്കാണ് ടോസിട്ട് തുടങ്ങുന്നത്. കാരണം മിക്ക ഇന്ത്യൻ താരങ്ങളുടെ ജേഴ്സിയുൾപ്പെടെയുള്ള കിറ്റ് ഡ്രെസ്സിങ് റൂമിലെത്തിയില്ല. പിന്നീട് ഉള്ളത് എടുത്തിട്ട് മത്സരത്തിനറങ്ങേണ്ട അവസ്ഥയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ യുവതാരം അർഷ്ദീപ് സിങ്ങിന്റെ പക്കൽ അധികം രണ്ട് ജേഴ്സിയുള്ളതിനാൽ സൂര്യകുമാർ യാദവിനും അവേഷ് ഖാനും ഇന്നലത്തെ മത്സരത്തിന് ഇറങ്ങാൻ സാധിച്ചത് എന്ന് തന്നെ പറയേണ്ടി വരും. പതിവ് തെറ്റിച്ച് നായകൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ചെയ്യാൻ അർഷ്ദീപ് എത്തിയതോടെയാണ് എല്ലാവരും കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. രോഹിത് ശർമയുടെ തന്ത്രം എന്ന് പെട്ടെന്ന് എല്ലാവരും കരുതിയെങ്കിൽ അത് തെറ്റി. ക്യാമറയിൽ ബാറ്ററുടെ മുഖം കാണിച്ചപ്പോൾ എല്ലാവരും ഒരേപോലെ പറഞ്ഞു, ഇതു നമ്മുടെ സൂര്യകുമാർ യാദവ് അല്ലേ...


ALSO READ : IND vs WI: തകർത്തടിച്ച് കാർത്തിക്; ഒന്നാം ട്വന്റി20യിലും വിൻഡീസിനെ നിലത്തുനിർത്താതെ ഇന്ത്യ


അവിടെ തീർന്നില്ല, പഞ്ചാബി ടർബിനില്ലാതെ ദേ അർഷ്ദീപ് വീണ്ടും. പരസ്യം കഴിഞ്ഞ ആദ്യ പന്ത് എറഞ്ഞപ്പോൾ എല്ലാവരും കരുതി അർഷ്ദീപ് തന്നെ ആയിരിക്കുമെന്ന്, പക്ഷെ അവിടെയും തെറ്റി. ആദ്യ പന്ത് എറിഞ്ഞ് ലൈനപ്പെടുക്കാൻ തിരികെ ബോളർ പോയപ്പോളാണ് ആളെ പിടികിട്ടയത്, ആവേഷ് ഖാൻ. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയായിരുന്നു. 






അതേസമയം മത്സരത്തിൽ ഇത് വലിയ സഹായകമായില്ല. ഒറിജിനൽ അർഷ്ദീപ് സിങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അർഷ്ദീപിന്റെ ജേഴ്സി അണിഞ്ഞ് ഓപ്പണറായി എത്തിയ സൂര്യകുമാർ 11 റൺസ് മാത്രമാണ് എടുത്തത്. അർഷ്ദീപിന്റെ ജേഴ്സി അണിഞ്ഞ് രണ്ട് ഓവർ മാത്രം എറിഞ്ഞ ആവേഷ് ഖാനോ വിട്ടുകൊടുത്തത് 30തിൽ അധികം റൺസ്. ആവേഷിനെ വിശ്വസിച്ച് അവസാനത്തെ ഓവർ ക്യാപ്റ്റൻ രോഹിത് എറിയാൻ നൽകിയെങ്കിലും അവിടെയും പിഴച്ചു.


ALSO READ : IND vs WI: പരമ്പര തൂത്തുവാരി ഇന്ത്യ; വിൻഡീസിനെതിരെ ചരിത്രം സൃഷ്ടിച്ച് ശിഖർ ധവാനും സംഘവും


അവസാന ഓവറിൽ പത്ത് റൺസായിരുന്നു ആതിഥേയരായ വെസ്റ്റ് ഇൻഡീസിന് വേണ്ടിയിരുന്നത്. ആവേഷ് എറിഞ്ഞ ആദ്യ ബോൾ നോ-ബോൾ ആയിരുന്നു. ഫ്രീ ഹിറ്റ് ലഭിച്ച ആ പന്ത് ഡെവോൺ സ്മിത്ത് സിക്റടിച്ച് പറത്തുകയും ചെയ്തു. ശേഷം രണ്ടാം പന്തും ബൗണ്ടറി കടത്തി സ്മിത്ത് വിൻഡീസിന് പരമ്പരയിലെ ആദ്യ ജയം നേടി കൊടുത്തു. 


ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന് സമനിലയിലായി. ഇന്ന് ഇന്ത്യൻ പ്രാദേശിക സമയം രാത്രി 9.30നാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഇന്നത്തെ മത്സരത്തിന് ശേഷം ബാക്കി പരമ്പര യുഎസിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.