കേപ്ടൗണ്‍: ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്‍റി20 പരമ്പരയും നേടി ഇന്ത്യ. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കി. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 165 റണ്‍സിലൊതുങ്ങുകയായിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയായിരുന്നു ടീമിനെ നയിച്ചത്.നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 172 റണ്‍സെടുത്തു. സ്കോര്‍ 14 നില്‍ക്കെ ഓപ്പണര്‍ രോഹിതിനെ(11 റണ്‍സ്) വിക്കറ്റിന് മുന്നില്‍ കുരുക്കി ഡാലയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ശിഖര്‍ ധവാന് കൂട്ടായി സുരേഷ് റെയ്ന എത്തിയതോടെ സ്കോര്‍ ബോര്‍ഡിന് വേഗം കൂടി. 47 റണ്‍ നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 40 പന്തുകള്‍ നേരിട്ട ധവാന്‍ നാല് ഫോര്‍ ഉള്‍പ്പെടെയാണ് 47 റണ്‍സ് സ്വന്തമാക്കിയത്.


ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം പരമ്പരയില്‍ ഇടംനേടിയ റെയ്ന തകര്‍പ്പന്‍ പ്രകടനമാണ് കേപ്ടൗണില്‍ കാഴ്ചവെച്ചത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 165 റണ്‍സിലൊതുങ്ങിയതോടെ ഇന്ത്യ ഏഴ് റണ്‍സ് വിജയത്തിനൊപ്പം പരമ്പരയും സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ രണ്ടും, ബുംറ, ശര്‍ദുള്‍ താക്കൂര്‍, ഹാര്‍ദ്ദിക്, റെയ്ന എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് പരമ്പരയിലെ താരം.