ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേൽക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ കറങ്ങി വീണു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാർക്ക് ആകെ 218 റൺസേ നേടാൻ സാധിച്ചുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാക്ക് ക്രോളി - ബെൻ ഡക്കറ്റ് സഖ്യം ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു. ബെൻ ഡക്കറ്റിനെ (27) കുൽദീപാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്. കുൽദീപിന്റെ ഗൂഗ്ലിയെ കടന്നാക്രമിക്കാൻ ശ്രമിച്ച ഡക്കറ്റിനെ ഗിൽ അതിമനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നാലെ വന്നവരെ ആരെയും നിലയുറപ്പിക്കാൻ കുൽദീപ് അനുവദിച്ചില്ല. ഒലി പോപ്പ് (11), സാക്ക് ക്രോളി (79), ജോണി ബെയർസ്‌റ്റോ (29) എന്നിവർ കുൽദീപിന് മുന്നിൽ മുട്ടുമടക്കി. 


ALSO READ: ഒളിമ്പിക്സ് യോഗ്യതയ്ക്കായി ഇറ്റലിയിൽ പോയ പാക് ബോക്സർ സഹതാരത്തിന്റെ പണം കവർന്ന് കടന്നുകളഞ്ഞു


അപകടകാരിയായ ജോ റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുരുക്കി രവീന്ദ്ര ജഡേജയും ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി. അവസാന പ്രതീക്ഷയായിരുന്ന ബെൻ സ്റ്റോക്‌സിനെ ഗംഭീരമായ പന്തിലൂടെ പുറത്താക്കി കുൽദീപ് വീണ്ടും അമ്പരപ്പിച്ചു. പിന്നീട് അവശേഷിച്ച നാല് വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ അതിവേഗം സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. 175ന് 4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് 8 റൺസ് നേടുന്നതിനിടെ 5 വിക്കറ്റുകളാണ് നഷ്ടമായത്. 


ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 72 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ 51 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അവശേഷിച്ച ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയാണ് നേടിയത്. ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും ഇന്ത്യയുടെ സ്പിന്നർമാരാണ് സ്വന്തമാക്കിയത്. 


മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. പതിയെ തുടങ്ങിയ ജയ്‌സ്വാൾ പെട്ടെന്ന് തന്നെ ഗിയർ മാറ്റി. ഇംഗ്ലണ്ട് ബൗളർമാരെ കടന്നാക്രമിച്ച് ജയ്‌സ്വാൾ മുന്നേറിയപ്പോൾ നായകൻ രോഹിത് ശർമ്മയും വേഗത്തിൽ തന്നെ സ്‌കോർ ചെയ്തു. 58 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 5 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 57 റൺസ് നേടി പുറത്തായി. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എന്ന നിലയിലാണ്. 52 റൺസുമായി രോഹിത് ശർമ്മയും 26 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനേക്കാൾ 83 റൺസ് പിന്നിലാണ് ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 3-1ന് മുന്നിലാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.