നാഗ്പ്പൂര്‍: ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം ഇന്ത്യ തിരിച്ചെത്തി. ആവേശകരമായ രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. . 71 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്‍റെയും മൂന്നു വിക്കറ്റെടുത്ത ആശിഷ് നെഹ്‌റയുടെയും അവസാന ഓവറില്‍ രണ്ടു പേരെ മടക്കിയ ജസ്പ്രീത് ബുംറയുടെയും പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഇന്ത്യ – 144/8 , ഇംഗ്ലണ്ട് – 139/6 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് എടുക്കാനായത്.


ഓപ്പണര്‍ കെ.എല്‍ രാഹുലിന്‍റെയും പേസര്‍ ജസ്പ്രിത് ബുമ്‌റയുടെയും കളിമികവാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ എട്ടു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ജസ്പ്രിത് ബുമ്‌റ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. നേരത്തെ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, സ്റ്റോക്‌സ് എന്നിവര്‍ 38 റണ്‍സ് വീതമെടുത്തു. 


ഇന്ത്യക്കായി അമിത് മിശ്രയും ഒരു വിക്കറ്റെടുത്തു. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗനെ മടക്കി അമിത് മിശ്ര ട്വന്റി20യില്‍ 200 വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി. ആര്‍. അശ്വിനും നേരത്തെ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു.  മൂന്നാം മത്സരം ബുധനാഴ്ച ബെംഗളൂരുവില്‍ നടക്കും.