Ind vs Ned: കാര്യവട്ടത്ത് കളിച്ചത് മഴ; ഇന്ത്യ - നെതർലാൻഡ്സ് മത്സരവും ഉപേക്ഷിച്ചു
Ind vs Ned warm up match called off due to rain: ടോസ് പോലും ഇടാൻ കഴിയാതെയാണ് കാര്യവട്ടത്തെ മത്സരം ഉപേക്ഷിച്ചത്.
തിരുവനന്തപുരം: ഇന്ത്യ - നെതർലാൻഡ്സ് മത്സരം ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങാൻ നിശ്ചയിച്ചിരുന്ന മത്സരത്തിന് മഴ വില്ലനാകുകയായിരുന്നു.
ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇടയ്ക്ക് മഴ മാറിയെങ്കിലും വൈകാതെ തന്നെ വീണ്ടും മഴ എത്തി. മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ALSO READ: 13 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം... ഈ ഇന്ത്യൻ സൂപ്പർ താരം ലോകകപ്പിന് ശേഷം വിരമിച്ചേക്കും!
ലോകകപ്പിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനുള്ള അവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ടീമിലെ പോരായ്മകൾ പരിഹരിക്കാനും താരങ്ങളുടെ ഫോം വിലയിരുത്താനും സന്നാഹ മത്സരങ്ങൾ പ്രധാനമാണ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സന്നാഹ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന വേദിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയം മാറി. നേരത്തെ, സെപ്റ്റംബർ 29ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്താൻ - ദക്ഷിണാഫ്രിക്ക മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇന്ന് കനത്ത മഴയാണ് പെയ്തത്. ഇതേ തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പേട്ട, ചാക്ക, ഈഞ്ചക്കൽ ബൈപ്പാസ് ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഡാമുകളിലും നദികളിലും ജലനിരപ്പുയരുകയാണ്. വൃഷ്ടിപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...