മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തില്‍ മഴ വില്ലനായപ്പോള്‍ അടുത്ത രണ്ട് ഏകദിനങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചിരുന്നു. മഴ മൂലം ഔട്ട് ഫീൽഡ് നനഞ്ഞതിനാല്‍ ടോസ് പോലും ഇടാൻ സാധിച്ചിരുന്നില്ല. ധരംശാലയിലെ ഹിമാചൽ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ്‌ ഉപേക്ഷിച്ചത്.


അതേസമയം, ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ BCCI  തീരുമാനിച്ചു. കൊറോണ വൈറസ് (COVID 19) ബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങള്‍, മറ്റ് സ്റ്റാഫ്, BCCI  ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ട്.


പരമ്പരയിലെ രണ്ടാമത്തെ മത്സരം ലഖ്നൗവില്‍ മാര്‍ച്ച്‌ 15നും മൂന്നാമത്തെ മത്സരം മാര്‍ച്ച്‌ 18ന് കൊല്‍ക്കത്തയിലും നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.


IPL മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി BCCI ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


IPL മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു BCCI യോട് മുന്‍പേതന്നെ നിര്‍ദേശിച്ചിരുന്നു.