തിരുവനന്തപുരം :  കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍  നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു . ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യാ- ദക്ഷിണാഫ്രിക്ക മാസ്റ്റര്‍ കാര്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരമാണിത്. സെപ്തംബര്‍  28നാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

1500 രൂപയാണ് അപ്പര്‍ ടയര്‍ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. 750 രൂപയായിരിക്കും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം.  പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുന്നതിനായി അക്ഷയ കേന്ദ്രങ്ങളുമായി കെസിഎ ധാരണയിലെത്തി. ആവശ്യക്കാര്‍ക്ക് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. 


ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗീസ് അധ്യക്ഷനായി. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസനെ ആദരിച്ചു. സഞ്ജുവിന്റെ സംഭാവനകളെക്കുറിച്ച്  മുഖ്യാതിഥി മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചു. പ്രസ്തുത ചടങ്ങില്‍ സഞ്ജുവിന്റെ കായിക ജീവിതത്തെക്കുറിച്ചുള്ള ലഘു ചിത്രം പുറത്തിറക്കി.  കെസിഎ പ്രസിഡന്റ്  സജന്‍ കെ. വര്‍ഗീസ്, കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍, ബിസിസിഐ ലെവല്‍ 3 കോച്ച് ബിജു ജോര്‍ജ്, തിരുവനന്തപുരം ചേംമ്പര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ്  രഘുചന്ദ്രന്‍ നായര്‍, എല്‍എന്‍സിപി സായി പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ എന്നിവര്‍ സഞ്ജു സാംസനെ അനുമോദിച്ച് സംസാരിച്ചു. 



മത്സരത്തിന്റെ ബാങ്കിങ് പാര്‍ട്ട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാര്‍ട്ട്ണറായ പേടിഎം ഇന്‍സൈഡറുമായും  മെഡിക്കല്‍ പാര്‍ട്ട്ണറായ അനന്തപുരി ഹോസ്പിറ്റലുമായും സ്‌കോറിങ് റൈറ്റ് പാര്‍ട്ട്ണറായ പെപ്‌സികോയുമായുള്ള ധാരണാ പത്രങ്ങള്‍ സഞ്ജു സാംസണ്‍ ചടങ്ങില്‍വച്ചു കൈമാറി. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍, കെസിഎ വൈസ് പ്രസിഡന്റ് ജാഫര്‍ സേട്ട്, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇരുടീമുകളും 26ന് തിരുവനന്തപുരത്തെത്തും. കോവളം ലീലാ റാവിസിലാണ് ടീമുകളുടെ താമസം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാനെത്തുമെന്ന് കെസിഎ അറിയിച്ചു.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.