ഇന്‍ഡോര്‍:  ലോക റെക്കോര്‍ഡ് പ്രകടനവുമായി രോഹിത് ശര്‍മ്മ മുന്നിൽനിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഉജ്ജ്വലവിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മൽസരത്തിൽ 88 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 261 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നിൽവെച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തുടക്കത്തില്‍ തന്നെ ലങ്ക പതറി. 36 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയ്ക്ക ആദ്യ വിക്കറ്റ് നഷ്ടമായി. ലങ്കക്കാരുടെ മറുപടി 17.2 ഓവറിൽ ഒമ്പതിന് 172 റണ്‍സിൽ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചലോ മാത്യൂസ് ബാറ്റുചെയ്യാൻ ഇറങ്ങിയില്ല. ഇതോടെ മൂന്നു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കുകയായിരുന്നു. 37 പന്തിൽ 77 റണ്‍സെടുത്ത കുശാൽ പെരേരയുടെ മികവിൽ ലങ്ക പൊരുതിനോക്കിയെങ്കിലും ലക്ഷ്യം ഒരുപാട് അകലെയായിരുന്നു. ലങ്കൻ ഓപ്പണര്‍ ഉപുൽ തരംഗ 47 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കുവേണ്ടി യുസ്‌വേന്ദ്ര ചഹൽ നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ടി20യിലെ അതിവേഗ സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ്മയാണ് മാൻ ഓഫ് ദ മാച്ച്.  നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇന്ത്യ വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ലങ്കക്കെതിരായ മൂന്നാം ടിട്വന്റി.