ഗയാന: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 റെക്കോര്‍ഡ് നഷ്ടമാകും. 2017ന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ടി20 പരമ്പര ഇതുവരെ കൈവിട്ടിട്ടില്ല. മാത്രമല്ല, 2021ന് ശേഷം ഇന്ത്യ ഒരു ടി20 പരമ്പര പോലും അടിയറവ് പറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. 2021ല്‍ ശ്രീലങ്കയ്ക്ക് എതിരെ ടി20 പരമ്പര കൈവിട്ടതിന് ശേഷം തുടര്‍ച്ചയായി 11 ടി20 പരമ്പരകളാണ് ഇന്ത്യ വിജയിക്കുകയോ സമനിലയിലാക്കുകയോ ചെയ്തത്. 


ALSO READ: വീണ്ടും ഇരട്ട ഗോള്‍; ഇന്റര്‍ മയാമിയില്‍ കൊടുങ്കാറ്റായി മെസി


മൂന്നാം ടി20യിലും പരാജയപ്പെട്ടാല്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ തുടര്‍ പരമ്പര നേട്ടങ്ങളുടെ റെക്കോര്‍ഡും ഇന്ത്യയ്ക്ക് കൈവിടേണ്ടി വരും. ബാറ്റ്‌സ്മാന്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം നടത്താറുള്ള ഇന്ത്യയുടെ യുവതാരങ്ങള്‍ വിദേശ മണ്ണില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരങ്ങളിലും കാണാനായത്. 


വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി 3 അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍ ടി20 പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഐപിഎല്ലിലെ സ്വപ്‌ന തുല്യമായ പ്രകടനത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീമിലെത്തിയ ശുഭ്മാന്‍ ഗില്ലും നിരാശപ്പെടുത്തി. ടി20യിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളായ സൂര്യകുമാര്‍ യാദവാകട്ടെ ഇതുവരെ ഫോമിലേയ്ക്ക് ഉയര്‍ന്നിട്ടില്ല. 


ആരാധകരുടെ നിരന്തരമായ മുറവിളിക്കൊടുവില്‍ ടീമില്‍ ഇടം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് മികച്ച തുടക്കം ലഭിക്കുന്നുണ്ടെങ്കിലും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നില്ല. പലപ്പോഴും അനാവശ്യ ഷോട്ടുകളിലൂടെയാണ് സഞ്ജു പുറത്താകുന്നത്. ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കിഷനും ഗില്ലും സഞ്ജുവും നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ യുവതാരം യശസ്വി ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്. 


ഐപിഎല്‍ 2023ലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ജയ്‌സ്വാളിന് ഇടം ലഭിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയാണ് യശസ്വി ടീമിന്റെ വിശ്വാസം കാത്തത്. ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറികളും സഹിതം 625 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്.  


രണ്ടാം മത്സരത്തിന് മുമ്പ് നെറ്റ്‌സില്‍ വെച്ച് പരിക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. അവസാന മത്സരത്തില്‍ കുല്‍ദീപ് യാദവിന് പകരം കളത്തിലിറങ്ങിയ രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നേടാനായില്ലെന്ന് മാത്രമല്ല 31 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. മറുഭാഗത്ത്, വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ. 


സാധ്യതാ ടീം


ഇന്ത്യ: ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ / യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (C), സഞ്ജു സാംസൺ (WK), അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ


വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ് (WK), നിക്കോളാസ് പൂരൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ (C), ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.