മെല്‍ബണ്‍: ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരമായ വര്‍ഷമാണ്‌ കടന്നുപോകുന്നത്. വ്യക്തിഗത ജീവിതത്തിലും ക്രിക്കറ്റിലും ഒരേപോലെ തിളങ്ങിയ വര്‍ഷം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിവസം പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്. 


ഒരു കലണ്ടര്‍ വര്‍ഷം വിദേശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോഹ്‌ലി മെല്‍ബണ്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 82 ല്‍ നില്‍ക്കവേയായിരുന്നു ഈ നേട്ടം. എന്നാല്‍ ഇതിനു പിന്നാലെ ഇന്ത്യക്ക് കോഹ്‌ലിയുടെ വിക്കറ്റും നഷ്ടമായി.


2002ല്‍ 1137 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡിന്‍റെ പേരിലായിരുന്നു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മത്സരത്തിനു മുമ്പ് 1056 റണ്‍സായിരുന്നു വിരാടിന്. 


ഏകദിനത്തില്‍ കോഹ്‌ലി 10,000 റണ്‍സ് കടന്നതും ഈ വര്‍ഷമായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കടത്തിവെട്ടിയാണ് കോഹ്‌ലി ഈ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്. സച്ചിന്‍ 10,000 തികച്ചത് 259 ഏകദിനങ്ങളില്‍ നിന്നായിരുന്നു. കോഹ്‌ലി തന്‍റെ 205ാം ഇന്നിംഗ്‌സിലാണ് 10,000 റണ്‍സ് പിന്നിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരമാണ് കോഹ്‌ലി.