നാഷ്‌വിൽ: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയെ തടയാൻ ലോകഫുട്‌ബോളിൽ ഇനി ആരുണ്ട്? തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന മെസിയുടെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലായി ലീഗ്‌സ് കപ്പും. കലാശപ്പോരാട്ടത്തിൽ കരുത്തരായ നാഷ്‌വില്ലിനെ തകർത്താണ് ഇന്റർ മയാമി കന്നി ലീഗ്‌സ് കപ്പ് സ്വന്തമാക്കിയത്. സഡൻ ഡെത്തിൽ 10-9 എന്ന നിലയിലായിരുന്നു മയാമിയുടെ വിജയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെസിയുടെ വരവോടെ അവിശ്വസനീയമായ കുതിപ്പാണ് ഇന്റർ മയാമി നടത്തുന്നത്. എല്ലാവരും എഴുതിത്തള്ളിയ ഒരു ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് മെസി വീണ്ടും മിശിഹായായത്. പതിവ് പോലെ മെസി തന്നെ മയാമിയ്ക്ക് ആദ്യം ലീഡ് നൽകി. 23-ാം മിനിട്ടിൽ ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ വണ്ടർ ഗോൾ. പന്ത് കാലിൽ കിട്ടിയ നിമിഷം മെസിയുടെ നീക്കങ്ങൾക്ക് വേഗം കൂടി. രണ്ട് പ്രതിരോധനിര താരങ്ങളെ വെട്ടിയൊഴിഞ്ഞ് മെസി തൊടുത്ത ഇടംകാലൻ ബുള്ളറ്റ് ഷോട്ട് നാഷ്‌വിൽ ഗോൾ കീപ്പറെ മറികടന്ന് വല തുളച്ചു. ഇതോടെ ആദ്യ പകുതിയിൽ മയാമി 1-0ന് ലീഡ് നേടി. 


ALSO READ: ബെന്റ്‌ലിയില്‍ കറങ്ങണം, ബംഗ്ലാവില്‍ ഉറങ്ങണം, പ്രൈവറ്റ് ജെറ്റില്‍ പറക്കണം... ഫ്രിഡ്ജില്‍ ആ പാനീയം നിറയണം! 'അല്‍- നെയ്മര്‍' വിശേഷങ്ങള്‍


രണ്ടാം പകുതിയിൽ നാഷ്‌വിൽ താരങ്ങൾ ഉണർന്ന് കളിച്ചു. 57-ാം മിനിറ്റിൽ നാഷ്‌വിൽ കാത്തിരുന്ന ഗോൾ എത്തി. ഫഫാ പിക്കൗൾട്ട് നാഷ്‌വില്ലിനെ മയാമിയ്ക്ക് ഒപ്പമെത്തിച്ചു. തിരിച്ചടിക്കാൻ മയാമി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മെസിയുടെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇതോടെ മത്സരം പെനാൾട്ടിയിലേയ്ക്ക് നീണ്ടു. 


പതിവ് പോലെ മെസി തന്നെ ആദ്യ കിക്ക് എടുത്ത് മയാമിയ്ക്ക് ലീഡ് നൽകി. സെർജിയോ ബുസ്‌കറ്റ്‌സ്, ലിയാണാണ്ട്രോ കാംപാന, കാമൽ മില്ലർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ വിക്ടർ ഉല്ലോയ്ക്ക് പിഴച്ചു. നാഷ്‌വില്ലിന്റെ റാണ്ടർ ലീലിന് പിഴച്ചതോടെ സ്‌കോർ 4-4 ആയി. ഇതോടെ മത്സരം സമനിലയിലായി. സഡൻ ഡത്തിൽ മയാമിയ്ക്ക് വേണ്ടി ഡിയോഗോ ഗോമസും ഡേവിഡ് റൂയിസും സെർഹി ക്രിവ്റ്റ്സോവും ജോർദി ആൽബയും ലക്ഷ്യം കണ്ടപ്പോൾ നാഷ്വില്ലിനായി ഷാഖ്വൽ മൂറെയും ഡാനിയേൽ ലോവിറ്റ്സും ലൂക്കാസ് മക്‌നോട്ടണും ഷോൺ ഡേവിസും വല കുലുക്കി. 


ഇതിന് ശേഷം ഡീആൻഡ്രേ യെഡിനും ഡ്രേക്ക് കലണ്ടറും ഇന്റ മയാമിക്കായി എടുത്ത കിക്കുകൾ വലയിലെത്തി. നാഷ്വില്ലിൽ ജേക്കബ് ഷഫിൽബർഗിന്റെ ശ്രമം ഗോളായെങ്കിലും ഗോൾ കീപ്പർ കൂടിയായ പാനിക്കോയുടെ കിക്ക് മയാമി ഗോളി കലണ്ടർ തടുത്തിട്ടതോടെ മയാമി ചരിത്രം കുറിച്ചു. കിരീട നേട്ടത്തിലൂടെ ലയണൽ മെസി വീണ്ടും തന്റെ സിംഹാസനത്തിന് ഇനി ഒരു ഇളക്കവും തട്ടാൻ പോകില്ലെന്ന് ഉറപ്പിച്ചു. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. മെസിയുടെ കരിയറിലെ 44-ാം കിരീടമാണിത്. 


ലീഗ്‌സ് കപ്പിലെ ടോപ് സ്‌കോറർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരങ്ങളും മെസി സ്വന്തമാക്കി. മയാമിയ്ക്ക് വേണ്ടി വെറും 7 മത്സരങ്ങൾ മാത്രമാണ് മെസി കളിച്ചിട്ടുള്ളത്. 10 ഗോളുകൾ നേടാൻ മെസിയ്ക്ക് കഴിഞ്ഞെന്ന് മാത്രമല്ല, മയാമിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ എല്ലാ കളികളിലും ഗോൾ നേടുകയും ചെയ്തു. മെസിയുടെ വരവിന് ശേഷം ഇന്റർ മയാമി തോൽവി അറിയാതെ കുതിപ്പ് തുടരുകയാണ്. അരങ്ങേറ്റം കുറിച്ച് വെറും 29 ദിവസങ്ങൾ മാത്രം പിന്നിടവെയാണ് ക്ലബിൽ മെസിയുടെ കിരീടധാരണം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.