ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റ് ജയം. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യമായ 206 റണ്‍സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ റായിഡുവും നായകന്‍ ധോണിയുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയിപ്പിച്ചത്. 70 റണ്‍സുമായി ധോണിയും 14 റണ്‍സെടുത്ത് ബ്രാവോയും പുറത്താകാതെ നിന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

റോയല്‍ ചലഞ്ചേഴ്സിന്‍റെ കൂറ്റനടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് സൂപ്പര്‍ കിംഗ്സ് തുടങ്ങിയത്. അമിതാവേശം കാട്ടിയ വാട്സണ്‍ ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും അമ്പാട്ടി റായിഡു മികച്ച ഫോം ആവര്‍ത്തിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ 11 റണ്‍സെടുത്ത റെയ്‌നയെ കൂടി ചെന്നൈ സൂപ്പര്‍ കിംഗ്സിന് നഷ്ടമായി. പിന്നാലെ ടീമിനെ കരകയറ്റാനാകാതെ സാം ബില്ലിംഗ്സും മടങ്ങിയതോടെ ചെന്നൈ 6.2 ഓവറില്‍ മൂന്നിന് 59.


അഞ്ചാമനായെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിനെ നിരാശപ്പെടുത്തി. പിന്നീട് കണ്ടത് റായിഡുവും ധോണിയും ചേര്‍ന്ന് റോയല്‍സ് ചലഞ്ചേഴ്സ് ബൗളര്‍മാരെ തല്ലിച്ചതയ്ക്കുന്നതാണ്. 40 പന്തില്‍ റായിഡു അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. ആന്‍ഡേഴ്‌സണിന്‍റെ 16 മത്തെ ഓവറില്‍ റായിഡുവിന്‍റെ ക്യാച്ച് ഉമേഷ് യാദവ് കൈവിട്ടത് നിര്‍ണാകമായി. അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയായതോടെ റായിഡു കൂടുതല്‍ അപകടകാരിയായി. ഇതോടെ 17 ഓവറില്‍ ചെന്നൈ 161-4


അവസാന മൂന്ന് ഓവറില്‍ സൂപ്പര്‍ കിംഗ്സിന് ജയിക്കാന്‍ 45 റണ്‍സ്. 17.2 ഓവറില്‍ ആന്‍ഡേഴ്സണെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ധോണിക്ക് അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ അഞ്ചാം പന്തില്‍ 53 പന്തില്‍ 82 റണ്‍സെടുത്ത റായിഡുവിനെ നേരിട്ടുള്ള ത്രോയില്‍ ഉമേഷ് റണൗട്ടാക്കി. 19 മത്തെ ഓവര്‍ എറിഞ്ഞ സിറാജ് വിട്ടുകൊടുത്തത് 14 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 16 റണ്‍സ്. ആദ്യ രണ്ട് പന്തില്‍ ബ്രാവോ 10 റണ്‍സ് നേടിയപ്പോള്‍ നാലാം പന്ത് ഗാലറിയിലെത്തിച്ച് ധോണി പതിവ് ശൈലിയില്‍ ടീമിനെ വിജയിപ്പിച്ചു.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 205 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറികള്‍ നേടിയ എബിഡിയും(68), ഡികോക്കുമാണ്(53) ബാംഗ്ലൂരിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. അവസാന പന്തുകളില്‍ ആഞ്ഞടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ചലഞ്ചേഴ്സിനെ 200 കടത്തി. മന്‍ദീപ്(32), കോലി(18), സുന്ദര്‍(13) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ചെന്നൈയ്ക്കായി ഠാക്കൂര്‍, താഹിര്‍, ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.