കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആറ് വീതം ജയവും തോല്‍വിയും. പന്ത്രണ്ട് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് കൊല്‍ക്കത്തയും രാജസ്ഥാനും.


COMMERCIAL BREAK
SCROLL TO CONTINUE READING

റണ്‍നിരക്കില്‍ അല്‍പം മുന്നിലാണ് കൊല്‍ക്കത്ത. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരുടീമിനും ജയം അനിവാര്യമാണ്‌. ഒരുകളിമാത്രം ശേഷിക്കുന്നതിനാല്‍ തോല്‍ക്കുന്നവര്‍ക്ക് പ്ലേ ഓഫ് മോഹം ഉപേക്ഷിക്കാം. പഞ്ചാബിനെതിരെ റണ്‍മല ഉയര്‍ത്തിനേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദിനേശ് കാ‍ര്‍ത്തിക്കിന്റെ കൊല്‍ക്കത്ത. സുനില്‍ നരൈന്റെയും ആന്ദ്രേ റസലിന്റെയും ഓള്‍റൗണ്ട് മികവ് നി‌ര്‍ണായകമാവും. ശുഭ്മാന്‍ഗില്ലും കാര്‍ത്തിക്കും ഫോമില്‍. ജോസ് ബട്ട്‍ലറുടെ ബാറ്റിംഗ് കരുത്തിലാണ് തുടര്‍ച്ചയായ മൂന്ന് ജയവുമായി അജിങ്ക്യ രഹാനെയുടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങുന്നത്.


എന്നാല്‍ ബട്‌ലര്‍ കഴിഞ്ഞാല്‍ ബാറ്റിംഗ് മുന്നോട്ടുകൊണ്ടുപോകാന്‍ ആരുമില്ലെന്നത് രാജസ്ഥാന് തിരിച്ചടിയാണ്. സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, രഹാനെ എന്നിവരില്‍ നിന്ന് രാജസ്ഥാന്‍ വലിയ ഇന്നിംഗ്സുകള്‍ പ്രതീക്ഷിക്കുന്നു. ബൗളിംഗാണ് ഇരുടീമിന്റെയും ദൗര്‍ബല്യം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടില്‍ ഏറ്റമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന് കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു ജയം. അതുകൊണ്ടുതന്നെ മധുരപ്രതികാരത്തിനൊപ്പം പ്ലേ ഓഫിലേക്ക് ഒരുചുവടുകൂടി വെക്കുക എന്ന ലക്ഷ്യത്തോടെയാവും രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ഇറങ്ങുക.