രാജ്കോട്ട് : ഐപിഎൽ താരലേലം 2022ൽ ആരും തന്നെ പരിഗണിക്കാത്തതിൽ തനിക്ക് യാതൊരു പരിഭവമില്ലെന്ന് പറയാതെ പറഞ്ഞ് മലയാളി താരം എസ് ശ്രീശാന്ത്. കിഷോർ കുമാർ അഭിനയിച്ച ഇംതിഹാൻ എന്ന ചിത്രത്തിലെ 'രുക് ജാനാ നഹി തു കഹിൻ ഹാർ കേ' എന്ന ഗാനം ആലപിച്ചാണ് ശ്രീശാന്ത് താൻ ഇനി പ്രതീക്ഷയോടെ മുന്നേറുമെന്ന് വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ലെ ലേലത്തിലെ അന്തിമ പട്ടികയിൽ പോലും ഇടം നേടാൻ സാധിക്കാത്ത താരം ഇത്തവണ ലേലത്തിനുള്ള 590 താരങ്ങളുടെ  പട്ടികയിലെത്തി പ്രതീക്ഷയിലായിരുന്നു. എന്നാൽ ശ്രീശാന്തിന്റെ പേര് ലേലത്തിനായി പോലും വിളിച്ചില്ല എന്ന കാര്യം മലയാളി ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കി. 


എന്നാൽ താൻ അതിലൊന്നും തളർന്ന് പോകില്ലയെന്ന് അറിയിച്ചുകൊണ്ടാണ് ശ്രീ തന്റെ സോഷ്യൽ മീഡിയ പേജിൽ ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെക്കുന്നത്. ഒരിക്കലും നിൽക്കരുത് നിങ്ങൾ എവിടെ നഷ്ടപ്പെട്ട് പോയാലും എന്നാണ് ശ്രീശാന്ത് ആലപിച്ച രുക് ജാനാ നഹി തു കഹിൻ ഹാർ കേ' എന്ന ഗാനത്തിന്റെ അർഥം.


ALSO READ : IPL Auction 2021 | പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ശ്രീശാന്തിന്റെ പേര് വിളിച്ചില്ല; ഐപിഎൽ മെഗാ താരലേലത്തിന് തിരശീല വീണു


"എപ്പോഴും നന്ദിയുണ്ട് ഏപ്പോഴും മുന്നോട്ട് നോക്കുകയുമാണ്, എല്ലാവരോട് സ്നേഹവും ബഹുമാനവും അർപ്പിക്കുന്നു" ശ്രീശാന്ത് ട്വീറ്റ് ചെയ്തു.



ശ്രീശാന്ത് ഉൾപ്പെടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങളാണ് താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത്. എന്നാൽ ശ്രീശാന്ത് ഉൾപ്പെടെ 7 താരങ്ങളുടെ പേര് ലേലത്തിൽ വിളിച്ചില്ല. അക്സലറേറ്റഡ് ഓക്ഷനിൽ ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാകാം ശ്രീശാന്ത് ഉൾപ്പെടെയുള്ള മലായളി താരങ്ങൾക്ക് അവസരം നിഷേധിച്ചത്. 


കെസിഎയുടെ നാല് താരങ്ങൾക്കാണ് 2022 ഐപിഎൽ സീസണിലേക്കുള്ള ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.  മലയാളി താരങ്ങളായ വിഷ്ണു വിനോദ്, ബേസിൽ തമ്പി, കെ.എം അസിഫ് എന്നിവരെയും കേരളത്തിന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയ്ക്കുമാണ് ലേലത്തിലൂടെ ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ സാധിച്ചിരിക്കുന്നത്. 


50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിഷ്ണുവിനെ സ്വന്തമാക്കിയപ്പോൾ അടിസ്ഥാന തുകയ്ക്കാണ് ബേസിലിനെയും (30 ലക്ഷം) അസിഫിനെയും (20 ലക്ഷം) ഉത്തപ്പയെയും (2 കോടി) മറ്റ് ടീമുകൾ സ്വന്തമാക്കിയത്. അടിസ്ഥാന തുരകയ്ക്ക് ബേസിൽ മുംബൈയുടെ ഭാഗമായപ്പോൾ ഉത്തപ്പയെയും അസിഫിനെയും ചെന്നൈ ലേലത്തിലൂടെ നിലനിർത്തുകയായിരുന്നു. 


ഇവർക്ക് പുറമെ രണ്ട് മലയാളി താരങ്ങളും ലേലത്തിലൂടെ ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്. കർണാടകയുടെ മലയാളി താരങ്ങളായ ദേവദത്ത് പടിക്കല്ലും കരുൺ നായരും സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 7.75 കോടിക്കാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുന്റെ ഓപ്പണറെ രാജസ്ഥാൻ സ്വന്തമാക്കിയത്. രണ്ടാം അവസരത്തിൽ 1.4 കോടി രൂപ നൽകിയാണ് റോയൽസ് കരുൺ നായരെ തങ്ങൾക്കൊപ്പം കൂട്ടിയത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.